യുവതിക്ക് 40000 രൂപ നഷ്ടമായി; തുടർക്കഥയായി വ്യാജലോൺ തട്ടിപ്പ്

കണ്ണൂർ: വ്യാജലോൺ തട്ടിപ്പ് നിർബാധം തുടരുന്നതായി സൂചന നൽകി മാഹി സ്വദേശിയായ യുവതിയുടെ പരാതി പൊലീസിന് മുന്നിൽ. നാൽപതിനായിരം രൂപ. ഇൻസ്റ്റഗ്രാമിൽ കണ്ട പോസ്റ്റിൽ ക്ളിക്ക് ചെയ്ത യുവതിക്കാണ് ഇത്രയും പണം നഷ്ടമായത്.ഇൻസ്റ്റഗ്രാം വഴി തുറന്നുകിട്ടിയ വാട്സ് ആപ് പേജിലൂടെ യുവതി രണ്ടു ലക്ഷത്തിന്റെ ലോൺ ആവശ്യപ്പെടുകയായിരുന്നു.
പാൻ കാർഡും ആധാർ കാർഡിന്റെയും ഫോട്ടോയും അയച്ചു കൊടുക്കാനായിരുന്നു ആദ്യനിർദ്ദേശം. ലോൺ പാസ്സ് ആവണമെങ്കിൽ പതിനായിരം രൂപ അയച്ചു കൊടുക്കണമെന്ന നിർദ്ദേശം പിന്നാലെയെത്തി . ഇതനുസരിച്ച് തുക അയച്ചു കൊടുത്തപ്പോൾ പാസായ ലോൺ ട്രാൻസ്ഫർ ചെയ്യേണ്ടുന്ന ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് അയക്കാൻ പറഞ്ഞു. ബാങ്ക് ഡീറ്റെയിൽസ് നൽകിയിട്ടും പണം ക്രെഡിറ്റ് ആകാത്തതിനെ തുടർന്ന് അക്കൗണ്ട് തെറ്റാണെന്നും പിഴയായി 30,000 രൂപ അടക്കേണ്ടതുണ്ടെന്നുമായി തട്ടിപ്പുകാർ.
ഈ തുക അയച്ച ശേഷം ബാലൻസ് എത്രയുണ്ടെന്ന് അറിയിക്കാനും ആവശ്യപ്പെ്ടടു. അക്കൗണ്ടിൽ ബാലൻസ് ഇല്ലെന്ന് അറിയിച്ച യുവതിയോട് മിനിമം ബാലൻസായി ഇരുപതിനായിരം രൂപ അടക്കണമെന്നായി ആവശ്യം. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് യുവതിക്ക് ബോദ്ധ്യമായതെന്ന് പൊലീസ് പറഞ്ഞു.വിശ്വസിക്കരുത്, വിവരം കൈമാറരുത്സോഷ്യൽ മീഡിയകളിൽ പരസ്യം കണ്ട് ലോൺ എടുക്കാൻ ശ്രമിക്കുകയോ ലോൺ ആവശ്യത്തിന് അങ്ങോട്ടേക്ക് പൈസ കൊടുക്കുകയോ ഫ്ലിപ് കാർട്ടിന്റെയോ ആമസോണിന്റെയോ മറ്റേതെങ്കിലും സർവ്വീസിന്റെയോ സ്ഥാപനത്തിന്റെയോ കസ്റ്റമർ കെയർനമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ അത്തരക്കാരെ പൂർണമായും നിരസിക്കണം
പരാതി നൽകാംഅംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ സംവിധാനം നിലവിലുണ്ട് .
24 മണിക്കൂറും പ്രവർത്തിക്കുന്ന 949 980900 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴി വിവരങ്ങൾ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും.
സൈബർ ഹെൽപ് ലൈൻ 1930
റിപ്പോർട്ട് ചെയ്യാം (http://www.cybercrime.gov.in)