വനാതിർത്തികളിൽ ആനവേലി; 20 ദിവസത്തിനകം മാപ്പിങ് നടത്തും -മന്ത്രി

കണ്ണൂർ : ജില്ലയിലെ വനാതിർത്തികളിൽ ആനവേലി സ്ഥാപിക്കാൻ 20 ദിവസത്തിനകം മാപ്പിങ് നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറളത്ത് നിലവിൽ ആനമതിൽ നിർമാണം പുരോഗമിക്കുകയാണെന്ന് യോഗം വിലയിരുത്തി.
മലയോര പഞ്ചായത്തുകളിൽ ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് ഗ്രാമപ്പഞ്ചായത്തുകളുടെയും പദ്ധതിയായി സൗരോർജ വേലി നിർമിക്കുന്നുണ്ട്. പയ്യാവൂർ പഞ്ചായത്തിൽ ഇത് പൂർത്തിയായി. അവശേഷിക്കുന്ന പഞ്ചായത്തുകളിലും വേലികൾ സ്ഥാപിച്ച് ആനശല്യം പൂർണമായി തടയുകയാണ് ലക്ഷ്യം. ഇതിനായി ആർ.കെ.വി.വൈ ഫണ്ടിൽനിന്നും കൃഷിവകുപ്പിന് ലഭിച്ച 2.2 കോടി രൂപയും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും ചേർത്ത് സമഗ്രമായ പ്ലാനും മാപ്പിങ്ങും നടത്താനും യോഗം തീരുമാനിച്ചു.
എം.എൽ.എ. ഫണ്ടും ഇതിനായി പ്രയോജനപ്പെടുത്താൻ ധാരണയായി. ഇതിന്റെ ആദ്യഘട്ടമായാണ് വനംവകുപ്പും കൃഷി വകുപ്പും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ആനവേലി ആവശ്യമായ സ്ഥലങ്ങളുടെ മാപ്പിങ് നടത്തുന്നത്. മാപ്പിലൂടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രതിരോധമാർഗം നിർദേശിക്കും. തുടർന്ന് ഉന്നതതലയോഗം ചേർന്ന് ഫണ്ട്, പ്രവൃത്തി പൂർത്തിയാക്കേണ്ട കാലാവധി തുടങ്ങിയവ തീരുമാനിക്കും. ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ച് മുൻഗണനാ ക്രമത്തിലാണ് നിർമാണം നടത്തുക.
സണ്ണി ജോസഫ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടർ അരുൺ കെ.വിജയൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ, ബിനോയ് കുര്യൻ, കെ. വേലായുധൻ, ഡി.എഫ്.ഒ. പി. കാർത്തിക്, പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.