‘ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ഹൗസ് ഫുൾ: വിചാരിച്ച പോലെ അല്ല, ഇവിടെ ആർക്കൊക്കെയോ തിരക്കുണ്ട്’

തിരുവനന്തപുരം: കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യവും അനിവാര്യതയുമാണെന്ന് യു.എൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ആ പദ്ധതികൾക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നോക്കിയതിന്റെ ഫലമാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടെന്ന് മുരളിതുമ്മാരുകുടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പുതിയ വന്ദേഭാരത് വരുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുരളി തുമ്മാരുകുടിയുടെ പ്രതികരണം.’ഓടുന്ന രണ്ടു വന്ദേ ഭാരത് ട്രെയിനുകളും ‘ഹൗസ് ഫുൾ’. അപ്പോൾ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ, ഇവിടെ ‘ആർക്കൊക്കെയോ’ തിരക്കുണ്ട്. ആളുകളുടെ സമയത്തിന് വിലയുണ്ട്, വില കൊടുക്കാൻ ആളുകൾ തയ്യാറാണ്.
ഇടക്ക് കയറി നിന്ന് ‘ഇവിടെ ആർക്കാണ് തിരക്ക്’ എന്ന് പറയുന്നവർ ജനങ്ങളിൽ നിന്നും അകലെയാണ്, അകലുകയാണ്’- മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു.മുരളി തുമ്മാരുകുടിയുടെ വാക്കുകളിലേക്ക്….
മൂന്നാമത്തെ വന്ദേ ഭാരത് വരുമ്പോൾ കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേ ഭാരത് വരുന്നു എന്നറിയുന്നു. സന്തോഷം. ഇതിൽ നിന്നും മൂന്നു കാര്യങ്ങൾ ആണ് സ്പഷ്ടമാകുന്നത്.
1. ഓടുന്ന രണ്ടു വന്ദേ ഭാരത് ട്രെയിനുകളും ‘ഹൗസ് ഫുൾ’. അപ്പോൾ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ, ഇവിടെ ‘ആർക്കൊക്കെയോ’ തിരക്കുണ്ട്. ആളുകളുടെ സമയത്തിന് വിലയുണ്ട്, വില കൊടുക്കാൻ ആളുകൾ തയ്യാറാണ്. ഇടക്ക് കയറി നിന്ന് ‘ഇവിടെ ആർക്കാണ് തിരക്ക്’ എന്ന് പറയുന്നവർ ജനങ്ങളിൽ നിന്നും അകലെയാണ്, അകലുകയാണ്.
2. രണ്ടു വന്ദേ ഭാരത് ട്രെയിനുകൾ വന്നപ്പോൾ തന്നെ അതിന്റെ കൃത്യനിഷ്ഠ പാലിക്കാൻ വേണ്ടി മറ്റു ട്രെയിനുകളെ പിടിച്ചിട്ട് ഇപ്പോൾ തന്നെ ട്രെയിൻ യാത്ര ചെയ്യുന്ന ബഹുഭൂരിപക്ഷവും വന്ദേ ഭാരതിന് ‘നല്ലത് മാത്രം വരണേ’ എന്ന് പറഞ്ഞു തുടങ്ങി. ഇനിയും കൂടുതൽ വന്ദേ ഭാരത് വന്നാൽ, മറ്റുള്ള ട്രെയിനുകൾക്ക് പിന്നെ ‘പിടിച്ചു കിടക്കാനേ’ സമയം ഉണ്ടാകൂ.
ട്രെയിൻ യാത്രക്കാർ ‘വേണ്ടേ ഭാരത്’ പറയാൻ ഇനി അധികം സമയം വേണ്ട.
കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികൾക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നോക്കിയതിന്റെ ഫലമാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടൻ.
3. കേരളത്തിലെ ആളുകളുടെ സമയത്തിന്റെ വിലയും അതിവേഗ തീവണ്ടികൾക്ക് പ്രത്യേക പാത ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ദിവസം തോറും സ്പഷ്ടമായി വരും.
കെ റെയിൽ വരും കേട്ടോ .