പരശുറാം ഉൾപ്പെടെ മൂന്ന് വണ്ടികളിൽ ഒരോ കോച്ച് വീതം കൂട്ടിയേക്കും

കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മൂന്ന് പ്രതിദിന വണ്ടികളിൽ കോച്ച് കൂട്ടാൻ നീക്കം. പരശുറാം, വേണാട്, വഞ്ചിനാട് എക്സ്പ്രസ്സുകളിലാണ് ഒരു കോച്ചെങ്കിലും കൂട്ടുക. വാഗൺ ട്രാജഡി ഓർമിപ്പിക്കുന്ന ട്രെയിൻ യാത്രയെക്കുറിച്ചുള്ള വാർത്തയും ചിത്രവും ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് ചർച്ചയായി. ഇതേത്തുടർന്നാണ് അടിയന്തരമായി കോച്ച് കൂട്ടാൻ ശ്രമം തുടങ്ങിയത്.
പരശുറാം, വേണാട് എക്സ്പ്രസുകളിൽ പാൻട്രി കാർ ഉണ്ട്. ഇത് നീക്കിയാണെങ്കിലും ഒരു കോച്ചെങ്കിലും കൂട്ടാനാണ് ശ്രമം. വഞ്ചിനാടിൽ പാൻട്രി ഇല്ല. കൊമേഴ്സ്യൽ വിഭാഗത്തിന്റെ തീരുമാനംകൂടി വരാനുണ്ട്. ഈ വണ്ടികളുടെയടക്കം സമയക്രമീകരണവും റെയിൽവേ പരിഗണിക്കുന്നു. ഏറ്റവും തിരക്കേറിയ സമയത്താണ് ഈ മൂന്നു വണ്ടികളും ഓടുന്നത്.
ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നൽകി
-തീവണ്ടിയാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡി.എൽ.എസ്.എ.) ചെയർമാന് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പരാതി നൽകി. പ്രസിഡന്റ് ആർ. പ്രശാന്ത് കുമാർ, ഭാരവാഹികളായ നിസാർ പെർഡ്, സി.എ. മുഹമ്മദ് നാസർ എന്നിവരാണ് പരാതി നൽകിയത്. ദക്ഷിണറെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരാണ് എതിർകക്ഷികൾ.