കല്ലു അമ്മയുടെ ജീവിതം ചിതലുകൾക്കൊപ്പം; നിയമം വിടാതെ അധികൃതരും

ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് വെണ്ടേക്കുംചാലിൽ കല്ലു അമ്മയുടെ ജീവിതം ചിതലുകൾക്കൊപ്പമാണ്. കിടക്കുന്ന കട്ടിൽ മുതൽ ആകാശക്കാഴ്ചകൾ തുറന്നിടുന്ന മേൽക്കൂര വരെ ചിതലുകൾ കയ്യടക്കി. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട് ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ. മേൽക്കൂരയിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റ് ദ്രവിച്ചതിനാൽ മഴയും വെയിലുമെല്ലാം കിടപ്പുമുറിയിലെത്തും.ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചെങ്കിലും നിയമതടസ്സം പറഞ്ഞ് കൈകഴുകുകയാണ് അധികൃതർ.
കൂടെത്താമസിച്ചിരുന്ന അവിവാഹിതനായ മകൻ 2 വർഷം മുൻപ് കോവിഡ് ബാധിച്ച് മരിച്ചു. മകന്റെ പേരിലാണ് വീടും സ്ഥലവും. 6 ആൺമക്കളിൽ നാലുപേരും മരിച്ചു. മകൻ മരിച്ചതോടെയാണ് ഈ 85 വയസ്സുകാരിയുടെ ജീവിതം ഇത്രമേൽ ദുരിതപൂർണമായത്. കല്ലു അമ്മയുടെ പേരിൽ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞാണ് അധികൃതർ വീട് നിഷേധിക്കുന്നത്. മകൾ രജനിയും അവരുടെ രണ്ട് പെൺമക്കളുമാണ് ഉളിക്കലിൽ നിന്നെത്തി ഇപ്പോൾ ഇവരുടെ കൂടെ താമസിക്കുന്നത്. പെൺകുട്ടികളുടെ പഠനവും ഈ വീട്ടിൽ കഷ്ടത്തിലാണ്.
ഇടിഞ്ഞു വീഴാറായ വീടിന്റെ ചോർച്ച പരിഹരിക്കാനെങ്കിലും സഹായിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിയമ തടസ്സം ഇവിടെയും വില്ലനായി.ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കല്ലു അമ്മ വർഷങ്ങളായി മാനസിക പ്രശ്നത്തിനും ചികിത്സയിലാണ്. വീട്ടിൽനിന്നു മാറി മക്കളുടെ കൂടെപ്പോകാനും ഇവർ തയാറല്ല.കല്ലു അമ്മയ്ക്ക് മനഃപൂർവം വീട് നൽകാത്തതല്ലെന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പറയുന്നു. ഇവരുടെ പേരിൽ സ്ഥലം ഇല്ലാത്തതാണ് തടസ്സം. നിലവിലുള്ള വീട് നന്നാക്കി നൽകുന്നതിനും ഇതേ പ്രശ്നമുണ്ടെന്ന് ബിന്ദു പറയുന്നു.