ഒത്തുതീർപ്പ് ചർച്ചക്കിടെ കയ്യാങ്കളി; കോളയാട്ട് മൂന്ന് പേർക്ക് പരിക്ക്

കോളയാട്: വഴിത്തർക്കവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ നടന്ന ഒത്തുതീർപ്പ് ചർച്ചക്കിടെയുണ്ടായ കയ്യാങ്കളിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോളയാട് പഞ്ചായത്ത് ഹാളിൽ ബുധനാഴ്ചയാണ് സംഭവം. പരിക്കേറ്റ പുന്നപ്പാലം സ്വദേശി കണ്ണച്ചാൻ പറമ്പിൽ സുനിലിനെ (50) തലശേരി സഹകരണാസ്പത്രിയിലും പി.കെ.സലിൻ (53), പി.കെ. ഷാജി (51) എന്നിവരെ കൂത്തുപറമ്പ് താലൂക്കാസ്പത്രിയിലും പ്രവേശിപ്പിച്ചു.
പുന്നപ്പാലത്ത് റോഡുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിക്കാൻ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് ഇരു വിഭാഗത്തെയും ചർച്ചക്ക് വിളിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് എം. റിജി, വൈസ്.പ്രസിഡൻറ് കെ.ഇ. സുധീഷ് കുമാർ, മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
ചർച്ച നടക്കവെ ഇരു വിഭാഗവും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ കണ്ണവം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.