Connect with us

Kerala

പുഴമെലിഞ്ഞിട്ടും കടവൊഴിഞ്ഞിട്ടും താമരശ്ശേരിചുരം കടന്നില്ല;കാത്തുകെട്ടിക്കിടപ്പിന്റെ അഞ്ചര മണിക്കൂര്‍

Published

on

Share our post

റോഡ് റോളറിന്റെ ബ്രേക്ക് പോയതോടെ താമരശ്ശേരി ചൊരത്ത്ന്ന് കോഴിക്കോട്ടേക്ക് ഏറോപ്ലെയ്ന്‍ പറക്കണ പോലെയാണ് വെള്ളാനകളുടെ നാട്ടിലെ സുലൈമാന്‍ പറന്നെത്തിയത്. വയനാട്ടീന്ന് ചുരമിറങ്ങണമെങ്കില്‍ സുലൈമാന്‍ പറഞ്ഞതുപോലെ ഏറോപ്ലെയ്ന്‍ തന്നെ വേണ്ടിവരും. താമരശ്ശേരിയിലെ ‘ശ്ശേ’ പോലെയുള്ള ചുരത്തില്‍ കഴിഞ്ഞ ഞായറാഴ്ച്ച അഞ്ചര മണിക്കൂര്‍ കുരുങ്ങിക്കിടന്നപ്പോള്‍ ഈയുള്ളവളും ആലോചിച്ചത് അതുതന്നെയാണ്. വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് പുതിയ സ്റ്റാന്റില്‍ നിന്ന് തുടങ്ങിയ ‘സുഖസുന്ദരമായ യാത്ര’ കല്‍പ്പറ്റ പഴയ സ്റ്റാന്റിന് മുന്നില്‍ അവസാനിക്കുമ്പോള്‍ സമയം രാത്രി 12 മണി! അതായത് 72.5 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ എടുത്തത് എട്ടു മണിക്കൂറെന്ന് സാരം.

പൂജാ അവധിയും മൈസൂരിലെ ദസറ കാണാനുള്ളവരുടെ തിരക്കുമായി ചുരത്തില്‍ വാഹനങ്ങളുടെ നീണ്ടനിര ആദ്യമേ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ കുറച്ച് നേരത്തെയെങ്കിലും വീടെത്താമല്ലോ എന്ന് കരുതിയാണ്‌ മൂന്ന് മണിക്കുള്ള ഡ്യൂട്ടിക്ക് ശേഷം ഓഫീസില്‍ നിന്ന് ഇറങ്ങിയോടിയത്. രണ്ടാം ഗേറ്റില്‍ നിന്ന് പുതിയ സ്റ്റാന്റെത്തുമ്പോള്‍ സമയം 3.30 ആയിരുന്നു. അവിടെയുള്ള പ്രൈവറ്റ് ബസ് ‘സഫാരി’യില്‍ വിന്‍ഡോ സീറ്റ് കണ്ടതോടെ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കാന്‍ എന്റെ മനസ് തയ്യാറായി. നിരന്തരമുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ നിന്ന് ഒരു ചെയ്ഞ്ച് ആയിക്കോട്ടെയെന്നും കരുതി.

കുറച്ച് സമയം കഴിഞ്ഞപ്പോ ബസിലെ ഡ്രൈവറെത്തി ഒരു കാര്യമങ്ങ് പ്രഖ്യാപിച്ചു. ‘ആരെങ്കിലും ഭക്ഷണം കഴിക്കാത്തവരായി ഉണ്ടെങ്കില്‍ കഴിച്ചിട്ട് വന്നോളൂ. ചുരത്തില്‍ വന്‍ ബ്ലോക്ക് ആണ്’ എന്ന്. ഇതുകേട്ടതോടെ ചിലര്‍ ബിസ്‌ക്കറ്റ് പാക്ക് വാങ്ങാന്‍ ഓടി. മറ്റുചിലര്‍ ഓറഞ്ചും കവറിലാക്കി വന്നു. ഒരു ചായ കുടിച്ചിട്ട് വരാം എന്ന് പറഞ്ഞ് തൊട്ടടുത്ത് ഇരിക്കുന്ന ആളും പോയി. പക്ഷേ അപ്പോഴും ഞാന്‍ അപകടം മണത്തില്ല. പൂജ അവധി ആയതിന്റെ തിരക്കായിരിക്കുമെന്നും ഒരു ഒമ്പത് മണിയാകുമ്പോഴേക്കും വീടെത്താമെന്നും കരുതി.

നാല് മണി ആയതോടെ ബസ് സ്റ്റാര്‍ട്ട് ചെയ്തു. ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ വന്നതോടെയാണ് ബ്ലോക്കിന്റെ കാഠിന്യം ശരിക്കും മനസിലായത്. ആ ബസ് കോഴിക്കോട് നിന്ന് 1.45-ന് എടുക്കേണ്ടതായിരുന്നു. ബ്ലോക്ക് കാരണം 2.15-നാണ് ചുരമിറങ്ങി കോഴിക്കോട് തന്നെ എത്തിയതത്രെ. ടൈമിങ് ആകെ തെറ്റിയതോടെ വൈകിയോടുന്ന വണ്ടിയിലാണ് കയറിയതെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴേക്കും കണ്ടക്ടര്‍ക്ക്‌ കൊടുക്കാനെടുത്ത എന്റെ കൈയിലെ നൂറു രൂപ നോട്ടില്‍ വിയര്‍പ്പ് പറ്റിപ്പിടിക്കാന്‍ തുടങ്ങിയിരുന്നു.

ബസ് കുന്ദമംഗലവും കൊടുവള്ളിയും താമരശ്ശേരിയും ഈങ്ങാപ്പുഴയും സുഖസുന്ദരമായി പിന്നിട്ടു. എന്നാല്‍ കൈതപ്പൊയില്‍ എത്തിയതോടെ യാത്രയുടെ മോഡ് മാറി. ശരവേഗത്തില്‍ വന്ന ബസ് കടിഞ്ഞാണ്‍ വലിച്ചപോലെ നിന്നു. വിന്‍ഡോയിലൂടെ തല പുറത്തിട്ടുനോക്കിയപ്പോള്‍ മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിര. പല കമ്പനികളുടെ പല നിറത്തിലുള്ള കാറുകള്‍. അതിനിടയില്‍ ഒന്ന് രണ്ട് ഓട്ടോകളും കെഎസ്ആര്‍ടിസി ബസും. വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം 5.15. ബസ് ഒച്ചായി രൂപാന്തരം പ്രാപിച്ചു. ഇഴഞ്ഞിഴഞ്ഞ് മുന്നോട്ടുനീങ്ങി. യാത്രക്കാരെല്ലാം പിറുപിറുക്കാന്‍ തുടങ്ങി. ഏത് നേരത്താണാവോ ഇറങ്ങിപ്പുറപ്പെട്ടത് എന്ന ഭാവമായിരുന്നു മിക്കവരുടേയും മുഖത്ത്.

എന്നാല്‍ ‘ഇതൊക്കെ കണാരന്‍ എത്ര കണ്ടതാ’ എന്ന മട്ടിലായിരുന്നു ഡ്രൈവര്‍. ക്ഷമയുടെ പര്യായ പദം. റോഡിന് അരികിലുള്ള തട്ടുകടക്കാരനോട്‌ വിശേഷം ചോദിച്ചും എതിര്‍വശത്തൂടെ ഓട്ടോയില്‍ പോയവരോട് കൈ കാണിച്ചുമെല്ലാമായിരുന്നു ഡ്രൈവിങ്. അയാളുടെ നാടാണ് കൈതപ്പൊയിലെന്ന് തോന്നുന്നു. അതിനിടയില്‍ എതിരെ വന്ന ബൈക്കുകാരന്‍ സൈഡാക്കി പറഞ്ഞു, ‘ഇടയ്ക്കൂടെ കയറ്റാന്‍ നോക്കണ്ട, അടിവാരത്ത് പോലീസ് ണ്ട്’. വണ്‍വേ തെറ്റിച്ച് വെറുതെ പണി കിട്ടണ്ട ന്ന് സാരം.

അതിനിടയില്‍ ഇടയ്‌ക്കൊന്ന് മയങ്ങിപ്പോയി. പിന്നീട് കണ്ണ് തുറന്നപ്പോള്‍ വണ്ടി ഇഴഞ്ഞിഴഞ്ഞ് അടിവാരത്ത് എത്തിയിരുന്നു. കാത്തുകെട്ടിക്കിടപ്പിന്റെ മണിക്കൂറുകള്‍ ഉദ്ഘാടനം ചെയ്ത് ബസിലെ മ്യൂസിക് സിസ്റ്റത്തില്‍ നിന്നൊരു പാട്ടൊഴുകി ‘കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു…’. ഈ സാഹചര്യത്തിന് ഇതിലും മികച്ചൊരു പാട്ട് ഈ ദുനിയാവിലുണ്ടാകില്ല. പടച്ചോന്റെ ഓരോ കളികളേയ്!

‘മഴ മാറി വെയിലായി ദിനമേറെ കൊഴിഞ്ഞ’പ്പോഴേക്കും പാട്ട് മുറിച്ചുകൊണ്ട് ക്ലീനറുടെ ശബ്ദമെത്തി. ‘ആര്‍ക്കെങ്കിലും ചായയോ ബിസ്‌ക്കറ്റോ വേണെങ്കി ഇപ്പോ പറഞ്ഞോളീ…ചുരം കേറിത്തൊടങ്ങിയാ പിന്നെ ഒരു തുള്ളി വെള്ളം കിട്ടൂല.’ ഇതോടെ യാത്രക്കാരുടെ കൈയില്‍ നിന്ന് പത്തിന്റേയും ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകള്‍ ക്ലീനറുടെ കൈയിന് നേരെ നീങ്ങി. എല്ലാം കളക്ട് ചെയ്ത് ക്ലീനര്‍ ചായക്കടയിലേക്ക് ഓടി. നിമിഷനേരത്തിനുള്ളില്‍ ബസ് ഒരു ചായക്കടയായി മാറി. കട്ടന്‍ ചായയും വിത്തൗട്ടും പൊടിച്ചയായുമെല്ലാം ആളുകള്‍ ഊതിയൂതി കുടിച്ചു. ആ സമയത്ത് കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ മടിച്ച എന്നെ ഞാന്‍ തന്നെ തോളില്‍തട്ടി അഭിനന്ദിച്ചു. കെഎസ്ആര്‍ടിസിയില്‍ കയറിയിരുന്നെങ്കില്‍ അടൂര്‍ സിനിമയിലെ നിശബ്ദത പോലെയാകുമായിരുന്ന ‘ബ്ലോക്ക് യാത്ര’ സിദ്ദീഖ് ലാല്‍ സിനിമയിലെ ചിരി സീന്‍ പോലെയാക്കി മാറ്റിയില്ലേ ആ പ്രൈവറ്റ് ബസ്.

ഇതിനിടയില്‍ താമരശ്ശേരിയില്‍ നിന്ന് കയറിയ രണ്ട് കുഞ്ഞുങ്ങള്‍ ഉറക്കം പിടിച്ചുതുടങ്ങിയിരുന്നു. ഉറങ്ങുന്ന സമയമായാല്‍ പിന്നെ വീടാണെന്നോ ബസാണെന്നോ വ്യത്യാസം കുഞ്ഞുങ്ങള്‍ക്കില്ലല്ലോ. ചൂടെടുത്ത് ഉറക്കം മുറിയാതിരിക്കാന്‍ അമ്മമാര്‍ കുട്ടികളുടെ കുപ്പായമെല്ലാം ഊരിയെടുത്തിട്ടുണ്ട്. ആളുകളുടെ സംസാരം ഉച്ചത്തിലായതോടെ ഡ്രൈവര്‍ പാട്ട് നിര്‍ത്തി. മഴയില്‍ വാഴക്കൃഷി നശിച്ചുപോയതും വീട്ടിലെ കിണറ്റില്‍ പൂച്ച വീണതുമെല്ലാമാണ് സംസാരവിഷയം. അതിനിടയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍വും ചുരത്തിലെ ബ്ലോക്കിനുള്ള കാരണങ്ങളുമെല്ലാം കടന്നുവന്നു. ആംബുലന്‍സില്‍ എമര്‍ജന്‍സിയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്നവരും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നവരും ഈ ബ്ലോക്കില്‍ കുടുങ്ങിയാലുള്ള അവസ്ഥയോര്‍ത്ത് മുന്‍സീറ്റിലിരുന്ന ഒരാള്‍ നെടുവീര്‍പ്പിട്ടു.

അപ്പോഴേക്കും ബസ് ഒന്നാം വളവ് പിന്നിട്ടിരുന്നു. ഇടയ്ക്ക് തൊട്ടടുത്ത സീറ്റിലിരിക്കുന്ന എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനികളുടെ ഫോണിലേക്ക് കോള്‍ വന്നു. വീട്ടില്‍ നിന്നാണ്. രാത്രിയായിട്ടും മകളെ കാണാഞ്ഞിട്ട് അമ്മ വിളിക്കുകയാണ്. മൂന്നാം വളവ് കഴിഞ്ഞുവെന്ന് അവള്‍ പറയുന്നുണ്ട്. അവള്‍ ഫോണ്‍ വെച്ചപ്പോള്‍ മൂന്നാം വളവായില്ല മോളേ, ഒന്നാം വളവാണെന്ന് ഞാന്‍ തിരുത്തിപ്പറഞ്ഞു കൊടുത്തു. അപ്പോള്‍ അവളുടെ തഗ് മറുപടി…’അത് എനിക്കറിയാം ചേച്ചീ, വീട്ടുകാര് ടെന്‍ഷന്‍ അടിക്കണ്ടെന്ന് കരുതി കുറച്ച് കൂട്ടിപ്പറഞ്ഞതാണ്’ ന്ന്.

ചുരം എട്ടാം വളവിലെത്തിയപ്പോള്‍ ഈ ബ്ലോക്കുകള്‍ക്കെല്ലാം ‘കാരണഭൂതരായ’ ആ മള്‍ട്ടി ആക്‌സില്‍ ലോറിയെ ഞാന്‍ ദര്‍ശിച്ചു. തീവണ്ടിപ്പാത പോലെ നീണ്ട ഈ വാഹനനിര സൃഷ്ടിച്ച ആ ലോറിയുടെ ദിവ്യാദ്ഭുതത്തെ തൊട്ടുവണങ്ങാനും മറന്നില്ല. ഒമ്പതാം വളവില്‍ ‘പ്രതീക്ഷയുടെ പൊന്‍കിരണമായി’ റോസ് കടലാസ് പൂക്കള്‍ എന്നെ സ്വാഗതം ചെയ്തു. കുറച്ചുകൂടി പിന്നിട്ടപ്പോള്‍ ലക്കിടി അതാ മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. ചുരം അവസാനിക്കുമ്പോഴുള്ള ‘വയനാട്ടിലേക്ക് സ്വാഗതം’ എന്ന വലിയ ബോര്‍ഡ് കണ്ട് എന്റെ കണ്ണും മനസും നിറഞ്ഞു. ആ ബോര്‍ഡ് ഇത്രയും അര്‍ത്ഥതലങ്ങളുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ നിമിഷമാണ്. അപ്പോള്‍ സമയം രാത്രി 11.07 (14 കിലോമീറ്ററുള്ള ചുരം പിന്നിടാനെടുത്തത് അഞ്ചര മണിക്കൂര്‍).

പക്ഷേ ആശ്വസിക്കാന്‍ സമയമായിട്ടുണ്ടായിരുന്നില്ല. ചുണ്ടേല്‍ വരെ വാഹനങ്ങളുടെ നീണ്ടനിര മുന്നില്‍ തെളിഞ്ഞുകിടപ്പുണ്ടായിരുന്നു. ഇടയ്ക്ക് കോഴിക്കോട്ടേയ്ക്കുള്ള വണ്ടികള്‍ വണ്‍വേ ലൈന്‍ തെറ്റിച്ച് കയറിക്കിടക്കുന്നുമുണ്ട്. അവരോട് സൗമ്യമായ ഭാഷയില്‍ ഡ്രൈവര്‍ മൊഴിഞ്ഞത് ഇങ്ങനെയാണ്..’മുത്തേ..ഈ പോക്ക് പോയാല്‍ നീ ചുരത്തിന്റെ താഴെ എത്തില്ലാ ട്ടോ…’ ചുണ്ടേല്‍ പിന്നിട്ടതോടെ വണ്ടികള്‍ കുറഞ്ഞു. പിന്നീട് യാത്ര സാധാരണ പോലെയായി. ഒടുവില്‍ കല്‍പ്പറ്റ പഴയ സ്റ്റാന്റിന് പുറത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ ഞാന്‍ സീറ്റില്‍ നിന്നെണീറ്റു. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് അവസാനമായിരിക്കുന്നു. നന്ദനത്തിലെ കുമ്പിടിയെപ്പോലെ ഒരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്ന് പുറത്തേക്ക് വന്നു.


Share our post

Kerala

സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

Published

on

Share our post

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.


Share our post
Continue Reading

Kerala

വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി

Published

on

Share our post

സുൽത്താൻബത്തേരി: മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി.മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിൻ്റെ തെളിവാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറർ നൗഷാദ് കരിമ്പാനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സാബു എബ്രഹാം,.എം ആർ സുരേഷ് ബാബു, സണ്ണി മണ്ഡപത്തിൽ, അനിൽ കൊട്ടാരം, പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

എൻജിനിയറിങ് മാതൃകാ പ്രവേശനപ്പരീക്ഷ 16 മുതൽ

Published

on

Share our post

തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കീ ടു എൻട്രൻസ് എന്ന പേരിൽ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രിൽ 16 മുതൽ 19 വരെ പരീക്ഷയിൽ പങ്കെടുക്കാം. ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് മൂന്നുമണിക്കൂറാണ് ടെസ്റ്റ്.entrance.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പങ്കെടുക്കാം. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും അവസരം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രവേശന പരീക്ഷയുടെ അതേമാതൃകയിൽ 150 ചോദ്യങ്ങളുണ്ടാകും. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്‌സ്‌ 75 എന്നിങ്ങനെയാണ്‌ ചോദ്യഘടന. പരീക്ഷ അഭിമുഖീകരിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് നടത്തുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയുടെ മാതൃകാ പരീക്ഷ പിന്നീട് നടത്തും. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!