ക്രമക്കേട്; റേഷൻ കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കേളകം : ക്രമക്കേട് കണ്ടെത്തിയ റേഷൻ കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എം. കെ.സന്ദീപ് ലൈസൻസി ആയുള്ള ചുങ്കക്കുന്നിലെ എ.ആർ.ഡി 81 നമ്പർ റേഷൻഷാപ്പിന്റെ ലൈസൻസാണ് അരിയുടെ സ്റ്റോക്കിൽ വൻ കുറവ് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തത്. ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസർ എ.കെ. റജീന, റേഷനിംഗ് ഇൻസ്‌പെക്ടർ പി.കെ. വിജേഷ് എന്നിവരുടെ പരിശോധനയിലാണ് ധാന്യങ്ങളുടെ അളവിൽ അഞ്ചു ക്വിന്റലിലധികം കുറവ് കണ്ടെത്തിയത്. 400 കിലോ പച്ചരി, 100കിലോ പുഴുക്കലരി, 20 കിലോ ഗോതമ്പ്, 25 പാക്കറ്റ് ആട്ട എന്നിങ്ങനെയാണ് കുറവ് കണ്ടെത്തിയത്.
മുൻപും ഇത്തരത്തിൽ നടപടി നേരിട്ടുള്ളയാളാണ് ലൈസൻസി. 2020 ൽ നടന്ന കട പരിശോധനയിൽ ധാന്യങ്ങളുടെ അളവിൽ വലിയ തോതിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് സസ്പെൻസ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ അരിച്ചാക്കുകൾക്കിടയിൽ അറക്കപൊടി നിറച്ച ചാക്കുകൾ അട്ടിയിട്ട് പരിശോധന ഉദ്യോഗസ്ഥരെ കബളിപ്പിക്കുവാൻ ലൈസൻസി ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയിലാണുള്ളത്.
2020 ൽ സസ്പെൻഡ് ചെയ്ത കട ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ അദാലത്തിൽ തിരികെ നൽകിയിരുന്നു. മേലിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന കർശന വ്യവസ്ഥയിൽ ഒരുവർഷത്തെ പ്രത്യേക നിരീക്ഷണത്തിൽ ആയിരുന്നു ലൈസൻസ് നൽകിയത്. ഈ കടയിലാണ് ഇപ്പോൾ വീണ്ടും ക്രമക്കേട് കണ്ടെത്തിയത്.
റേഷൻ വിതരണം തടസപ്പെടാതിരിക്കുവാൻ സമീപത്തെ എ.ആർ.ഡി 84നോട് അറ്റാച്ച് ചെയ്തിട്ടുണ്ട്. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ബി.എസ്. സുജിത് , അനൂപ് കുമാർ മുരിക്കൻ, ഡ്രൈവർ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.