അക്കാദമിക്കെതിരെ സംവിധായകൻ; അനുമതിയില്ലാതെ സിനിമ ഡൗൺലോഡ് ചെയ്തത് എങ്ങനെ?

കണ്ണൂർ : കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് അയച്ച സിനിമകൾ ഡൗൺലോഡ് ചെയ്തു കണ്ടതിനു ശേഷമാണ് തിരഞ്ഞെടുത്തത് എന്ന ചലച്ചിത്ര അക്കാദമിയുടെ വാദം തള്ളി സംവിധായകൻ ഷിജു ബാലഗോപാൽ. വിമിയോ എന്ന വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം വഴിയാണ് അക്കാദമിക്ക് ‘എറാൻ’ എന്ന സിനിമ അയച്ചുകൊടുത്തത്.
പാസ്‌വേഡ് നൽകി മാത്രം തുറക്കാവുന്ന ലിങ്കും സിനിമ കണ്ടെങ്കിൽ അക്കാര്യം മനസ്സിലാക്കാൻ കഴിയുന്ന അനലറ്റിക്സുമാണ് ഈ പെയ്ഡ് പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ലിങ്ക് തുറന്ന് സിനിമ കണ്ടാൽ അക്കാര്യം ലൊക്കേഷൻ ഉൾപ്പെടെ അനലറ്റിക്സിൽ കൃത്യമായി രേഖപ്പെടുത്തും. എന്നാൽ 00.00 എന്നാണ് അനലറ്റിക്സിൽ കാണിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഷിജു പരാതി നൽകിയിരുന്നു. തുടർന്നാണ് ഡൗൺലോഡ് ചെയ്തു കണ്ടു എന്ന വിശദീകരണവുമായി അക്കാദമി രംഗത്തെത്തിയത്. സിനിമ കണ്ടില്ല എന്നതിനേക്കാൾ ഗൗരവമുള്ള വിഷയമാണ് ഡൗൺലോഡ് ചെയ്തതെന്നും ഷിജു ചൂണ്ടിക്കാട്ടുന്നു.
ഡൗൺലോഡ് ഓപ്‌ഷൻ ഓഫ് ചെയ്ത് സിനിമ അയച്ച സംവിധായകരുമുണ്ട്. അവരോടൊന്നും ഡൗൺലോഡ് ഓപ്ഷൻ ഓൺ ചെയ്യാൻ അക്കാദമി ആവശ്യപ്പെട്ടിട്ടില്ല. അപ്പോൾപ്പിന്നെ എവിടെ നിന്നാണ് ചലച്ചിത്ര അക്കാദമി സിനിമ ഡൗൺലോഡ് ചെയ്തത്? സിനിമ പൈറസിക്കെതിരെ നിലകൊള്ളേണ്ട അക്കാദമി തന്നെ അനധികൃത മാർഗത്തിലൂടെ സിനിമ ഡൗൺലോഡ് ചെയ്തു എന്നാണോ ഈ വിശദീകരണത്തിലൂടെ മനസ്സിലാക്കേണ്ടതെന്നും ഷിജു ചോദിച്ചു.