കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞ് ഒരു ലക്ഷത്തിൽ താഴെയായി. 91,679 പേരാണ് സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.

ഓഗസ്റ്റിൽ 1,01,357 യാത്രക്കാർ ഉണ്ടായിരുന്നു. ഈ വർഷം മേയിൽ ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിയ ശേഷം ആദ്യമായി ഓഗസ്റ്റിലാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്.

സെപ്റ്റംബറിൽ 4566 അന്താരാഷ്ട്ര യാത്രക്കാരുടെയും 5112 ആഭ്യന്തര യാത്രക്കാരുടെയും കുറവുണ്ടായി. 57,636 അന്താരാഷ്ട്ര യാത്രക്കാരും 34,043 ആഭ്യന്തര യാത്രക്കാരുമാണ് സെപ്റ്റംബറിലുള്ളത്. സെപ്റ്റംബർ 28-നാണ് കണ്ണൂർ വിമാനത്താവളത്തിൽ ആകെ യാത്രക്കാരുടെ എണ്ണം 50 ലക്ഷം പിന്നിട്ടത്.

2018 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ വിമാന താവളത്തിൽ ആദ്യ ഒൻപത്‌ മാസം കൊണ്ട് തന്നെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നിരുന്നു. പിന്നീട് കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളാണ് ബാധിച്ചത്. ഗോ ഫസ്റ്റ് നിർത്തിയതോടെ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്. എയർഇന്ത്യ എക്സ്പ്രസിന്റെ ആദ്യ ആഭ്യന്തര സർവീസ് ബെംഗളൂരുവിലേക്ക് നവംബർ 20-ന് തുടങ്ങുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!