അക്ഷയകേന്ദ്രത്തിന്റെ മറവിൽ ചിട്ടിതട്ടിപ്പ്; മൂന്നുപേർ റിമാൻഡിൽ

Share our post

മാനന്തേരി : അക്ഷയകേന്ദ്രത്തിന്റെ പേരിൽ ചിട്ടി നടത്തി ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ. മാനന്തേരിയിലെ അധ്യാപകനായ ആലക്കണ്ടി ഹരീന്ദ്രൻ (49), ജയചന്ദ്രൻ (47), പി. ഗിരീഷ് എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻ കോടതി റിമാൻഡ് ചെയ്‍തത്.

ചിട്ടിയിൽ ചേർന്ന പണം തിരികെ കിട്ടാത്തവർ മാനന്തേരി വില്ലേജ് ഓഫീസിന് എതിർവശത്തുള്ള അക്ഷയകേന്ദ്രം ആറ് മാസം മുൻപ് ഉപരോധിച്ചിരുന്നു. നാട്ടിൽനിന്ന് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സംഭവത്തിൽ കണ്ണവം പോലീസ് കേസെടുത്തിരുന്നു.

നാലുവർഷം മുൻപാണ് മാനന്തേരി അക്ഷയകേന്ദ്രം കേന്ദ്രീകരിച്ച് ചിട്ടി തുടങ്ങിയത്. ഒരുലക്ഷം രൂപയുടെ ചിട്ടിക്ക് മാസം 2,000 രൂപയായിരുന്നു അടവ്. നറുക്ക് വന്ന ആൾ തുടർന്ന് പണം അടയ്ക്കേണ്ടായിരുന്നു. 50 മാസമായിരുന്നു കാലാവധി. 500 ൽ കൂടുതൽ പേർ ചിട്ടിയിൽ ചേർന്നിരുന്നു. ചിട്ടിപ്പണം വാങ്ങാനായി നിരവധി ഏജന്റുമാരെ നിയമിച്ചിരുന്നു. ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും അടച്ച തുക തിരികെ കിട്ടിയില്ല.

സ്ഥാപന ഉടമയും പരാതിക്കാരുമായി പോലീസ് ചർച്ച നടത്തിയിരുന്നു. നൽകാനുള്ള മുഴുവൻ തുകയും ഉടൻ തിരികെ നൽകുമെന്ന് ഉടമ സമ്മതിച്ചെങ്കിലും നടന്നില്ല. പ്രതികൾ നാട്ടിൽ നിന്ന് മുങ്ങുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!