എ.ഐ.സി.ടി.ഇ അംഗീകാരം പിന്‍വലിച്ചു; സംസ്ഥാനത്ത് ബി.ടെക്. സായാഹ്നകോഴ്സ് റദ്ദാക്കി

Share our post

കോഴിക്കോട്: സംസ്ഥാനത്ത് ബി.ടെക്. സായാഹ്ന കോഴ്സ് റദ്ദാക്കി. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) കോഴ്സിന്റെ അംഗീകാരം പിൻവലിച്ചതിനെത്തുടർന്നാണ് കോഴ്സ് നിർത്തലാക്കിയത്. ബി.ടെക്. നാലു വർഷ റെഗുലർ കോഴ്സിന്റെയും സായാഹ്ന കോഴ്സിന്റെയും കരിക്കുലം വ്യത്യസ്തമായതിനെത്തുടർന്നാണിത്.

തിരുവനന്തപുരം സി.ഇ.ടി.യിലും കോഴിക്കോട് എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് കോഴ്സ് നടത്തിയിരുന്നത്. ജോലി ചെയ്തിരുന്ന ഒട്ടേറെ പേർ കോഴ്സുകളെ ആശ്രയിച്ചിരുന്നു. റാദ്ദാക്കിയതോടെ അപേക്ഷ നൽകി കാത്തിരുന്ന 208 വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. എന്നാൽ, നിലവിൽ പഠനം നടത്തുന്നവർക്ക് തുടരുന്നതിൽ തടസ്സമില്ല.

2023-’24 അധ്യയന വർഷത്തിൽ സായാഹ്ന ബി.ടെക്. കോഴ്സ് നടത്തില്ല. കോഴ്സ് പുനരാരംഭിക്കുന്നതിനായി കോളേജുകൾ പുതിയ പഠന മാതൃകകൾ തയ്യാറാക്കി എ.ഐ.സി.ടി.ഇ.യുടെ അംഗീകാരം നേടണം. എ.ഐ.സി.ടി.ഇ. നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കുന്ന പുതിയ പഠന മാതൃകപ്രകാരം അടുത്ത അധ്യയന വർഷം മുതൽ കോഴ്സ് പുനരാരംഭിക്കാൻ കഴിയുമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറകടർ എം.എസ്. രാജശ്രീ വ്യക്തമാക്കി. കരിക്കുലം റഗുലർ കോഴ്സിനോട് സമാനമായതിനാൽ സായാഹ്ന എം.ബി.എ. കോഴ്സിന്റെ അംഗീകാരം പിൻവലിച്ചിട്ടില്ല.

ബി.ടെക്. കോഴ്‌സിൽ ചേരുന്നതിന് എസ്.സി./ എസ്.ടി. വിഭാഗക്കാരിൽ നിന്ന് 400 രൂപയും മറ്റുള്ളവരിൽനിന്ന് 800 രൂപയുമാണ് അപേക്ഷാ ഫീസായി വാങ്ങിയത്. ഈ തുക തിരികെ നൽകും. അതിനായി പേര്, അപേക്ഷ നമ്പർ, രജിസ്ട്രേഷൻ സ്ലിപ്, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ എന്നിവ അപേക്ഷയോടൊപ്പം dteplacementsection@gmail.com എന്ന ഇ-മെയിലിൽ അയക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!