തമ്മിലറിയാതെയും മനംതുറക്കാം: ഒറ്റയ്ക്കല്ല കൂടെയുണ്ട് ‘സയലൻസ്ഡ് ഇമോഷൻ’

കോഴിക്കോട്: മനസ്സിന്റെ ഭാരം മുഴുവന്‍ ഇറക്കിവെക്കാം, മുന്‍വിധികളില്ലാതെ പരസ്പരം കാതോര്‍ക്കാം. തൂവാലകെട്ടി മറച്ച കണ്ണുകള്‍ക്കപ്പുറം അപരന്റെ കാതുകള്‍ നമ്മെ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ മനസ്സ് തൂവലുപോലെയാകും… അത്തരത്തില്‍ തമ്മിലറിയാതെ, മനംതുറക്കാനുള്ള ഇടമൊരുക്കുകയാണ് ‘സയലന്‍സ്ഡ് ഇമോഷന്‍’. മനസ്സിന്റെ സ്വാസ്ഥ്യമാണ് പ്രധാനമെന്ന് ഓര്‍മിപ്പിച്ച് ഒത്തുചേരുകയാണിവര്‍.
പങ്കുവെക്കുന്നതിലൂടെ സുഖപ്പെടുത്തുകയെന്ന (ഹീലിങ് ബൈ ഷെയറിങ്) സന്ദേശംപകര്‍ന്ന് ‘സയലന്‍സ്ഡ് ഇമോഷന്‍’ നാലുമാസംമുമ്പാണ് തുടങ്ങിയത്. തുറന്നുസംസാരിക്കാന്‍ ആരുമില്ലാത്തതിനാല്‍ മാത്രം മനസ്സ് കൈപ്പിടിയിലൊതുങ്ങാത്തവരുടെ പ്രയാസം തിരിച്ചറിഞ്ഞ കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ സൈക്കോളജിസ്റ്റ് സി.ഇ.വി. മുഹമ്മദ് സഹലാണ് കൂട്ടായ്മ തുടങ്ങിയത്. ഇന്‍സ്റ്റഗ്രാം പേജ് വഴിയായിരുന്നു തുടക്കം. ചുരുങ്ങിയ കാലത്തിനകം 640-ല്‍പ്പരംപേര്‍ രജിസ്റ്റര്‍ചെയ്തു. കോഴിക്കോട്, കൊച്ചി, വിശാഖപട്ടണം, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒന്നിച്ചിരുന്ന് പലരും മനസ്സുതുറന്നു. ഇതില്‍ കോഴിക്കോട്ടും ബെംഗളൂരുവിലും എല്ലാ വാരാന്ത്യങ്ങളിലും ഒത്തുചേരലുണ്ട്. ഇനി തിരുവനന്തപുരത്തും നടത്തും.
പങ്കുവെക്കാം, മനസ്സ്
തൊട്ടടുത്തിരുന്ന് ജോലിചെയ്യുമ്പോഴും പഠിക്കുമ്പോഴും മറ്റും പലരും ഒപ്പമുള്ളയാളുടെ മനസ്സറിയണമെന്നില്ല. അതുമല്ലെങ്കില്‍ തിരക്കുകള്‍ക്കിടയില്‍ അപരനെ കേള്‍ക്കാനുള്ള സമയമോ, സാവകാശമോ ഇല്ലാതെപോകുന്നു. ഉള്ളംനിറഞ്ഞ് വിങ്ങുന്ന സങ്കടമോ, ആധിയോ, സന്തോഷമോ പങ്കിടാന്‍ ഒരാളെ കിട്ടുകയാണ് ഈ കൂട്ടായ്മയിലൂടെ. പക്ഷേ, നമ്മള്‍ ആരെന്നോ, നമ്മളെ കേള്‍ക്കുന്നതാരെന്നോ വിശദീകരിക്കേണ്ടതില്ല. ‘സയലന്‍സ്ഡ് ഇമോഷ’ന്റെ തുണികൊണ്ട് പരസ്പരം കണ്ണുകെട്ടിമറച്ചാണ് സംസാരിക്കുക. ‘ബ്ലൈന്‍ഡ് ഫോള്‍ഡഡ് തെറാപ്പി’യിലൂടെ അങ്ങനെ പലരും മനസ്സിനെ പറത്തിവിടുന്നു.
പരസ്പരം സംസാരിക്കുന്നത് സുഖകരമാകുന്നില്ലെങ്കില്‍ വൊളന്റിയര്‍മാര്‍ സഹായിക്കും. കേരളത്തിനകത്തും പുറത്തുമായി എണ്‍പതോളം വൊളന്റിയര്‍മാരുണ്ട്.
”20 പേരൊക്കെയാണ് ഉള്ളതെങ്കില്‍ ബീച്ചിലിരുന്നായിരിക്കും മനസ്സുതുറക്കല്‍. കൂടുതല്‍ പേരുണ്ടെങ്കില്‍ മാനാഞ്ചിറയിലായിരിക്കും. കോളേജ് കുട്ടികളും ഐ.ടി.മേഖലയിലുള്ളവരുമൊക്കെയാണ് വരുന്നത്. സ്ഥിരമായി വന്ന് വൊളന്റിയര്‍മാരായവരും കൂട്ടത്തിലുണ്ട്.” -ആകാശത്തിനു കീഴെ, പ്രകൃതിയോട് ചേര്‍ന്നിരുന്ന് സംസാരിക്കുമ്പോള്‍ കിട്ടുന്ന ആശ്വാസത്തെക്കുറിച്ച് മുഹമ്മദ് സഹല്‍ പറയുന്നു.
”എവിടെ നിന്നുമുള്ള തിരസ്‌കാരം ഉള്‍ക്കൊള്ളാന്‍ പറ്റാത്തരീതിയില്‍ ഇന്ന് മനസ്സ് മാറുന്നുണ്ട്. വിഷാദരോഗങ്ങള്‍ക്കും അമിതവ്യാകുലതകള്‍ക്കും അടിമപ്പെടുന്ന പലരും ആത്മഹത്യയിലേക്കെത്തുന്നു. മനസ്സ് പങ്കുവെക്കാന്‍ ഒരാളെ കിട്ടിയാല്‍ പലപ്പോഴും നമ്മുടെ കാഴ്ചപ്പാടുകള്‍ മാറും. ജീവിതത്തെ സ്‌നേഹത്തോടെ നോക്കിക്കാണും. അതു മതിയാകും, മുന്നോട്ടുള്ള ജീവിതത്തില്‍ വെളിച്ചംനിറയ്ക്കാന്‍. അതിലേക്കുള്ള ഒരിടം മാത്രമാണ് ഞങ്ങളൊരുക്കുന്നത്” -സഹല്‍ പറഞ്ഞു.