നഗ്നവീഡിയോ കോൾ, പിന്നാലെ വിളിക്കുന്നത് ‘എ.സി.പി’ അല്ലെങ്കിൽ ‘യൂട്യൂബർ’; തട്ടിപ്പ്  സംഘത്തിലെ പ്രധാനി പിടിയിൽ

Share our post

ന്യൂഡൽഹി : നഗ്നവീഡിയോകോൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മഹേന്ദ്ര സിങ് എന്നയാളെയാണ് ഹരിയാണയിലെ മേവാത്തിൽനിന്ന് ഡൽഹി പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് ഒരു ഐഫോൺ, സൈപ്പിങ് മെഷീൻ, പെൻഡ്രൈവ്, 16 ജി.ബി.യുടെ മെമ്മറി കാർഡ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. 

യുവതികളെ ഉപയോഗിച്ച് നഗ്നവീഡിയോകോൾ ചെയ്തശേഷം ഇവ റെക്കോഡ് ചെയ്ത് പണം തട്ടുന്നതാണ് മഹേന്ദ്രസിങ്ങിന്റെ രീതി. വർഷങ്ങളായി ഇയാൾ ഇത്തരത്തിൽ പണം സമ്പാദിച്ചിരുന്നതായാണ് പോലീസിന്റെ വെളിപ്പെടുത്തൽ. ഒടുവിൽ ഡൽഹി സ്വദേശിയായ യുവാവ് പരാതി നൽകിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ റാക്കറ്റിന്റെ പ്രധാനിയായ മഹേന്ദ്രസിങ് പിടിയിലായത്.

യുവതികളെ ഉപയോഗിച്ച് പുരുഷന്മാരുമായി ഫോണിൽ ബന്ധം സ്ഥാപിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. പിന്നാലെ നഗ്നവീഡിയോ കോളിന് തയ്യാറാണെന്നും അറിയിക്കും. ഈ വീഡിയൊകോളിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചാണ് പിന്നീട് ഭീഷണിപ്പെടുത്തുക. പോലീസ് ഉദ്യോഗസ്ഥനാണെന്നും യൂട്യൂബറാണെന്നുമെല്ലാം പരിചയപ്പെടുത്തി  മഹേന്ദ്രസിങ്ങാണ് ഇരകളെ ഫോണിൽ വിളിക്കുക. പണം നൽകിയില്ലെങ്കിൽ നഗ്നവീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും കേസെടുത്ത് ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മിക്കവരും പണം നൽകും. നാണക്കേട് ഭയന്ന് ആരും പരാതി നൽകാനും കൂട്ടാക്കില്ല. 

മഹേന്ദ്രസിങ്ങിന്റെ കെണിയിൽ വീണ ഡൽഹി സ്വദേശിക്ക് ഒമ്പതുലക്ഷം രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. ഒരു യുവതിയുടെ ഫോൺകോളിലായിരുന്നു തുടക്കം. ഈ സൗഹൃദം നഗ്നവീഡിയോ കോളിലേക്ക് വഴിമാറി. പിന്നാലെ ‘എ.സി.പി. രാം പാണ്ഡേ’ എന്ന പേരിൽ മഹേന്ദ്രസിങ് യുവാവിനെ വിളിച്ചു. നഗ്നവീഡിയോ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമായിരുന്നു ആവശ്യം. വീഡിയോ നീക്കംചെയ്യണമെങ്കിൽ ഒമ്പതുലക്ഷം രൂപ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരൻ പണം കൈമാറി. എന്നാൽ, ഇതിനുശേഷം 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പ്രതി വീണ്ടും വിളിച്ചു. സംഭവത്തിൽ കേസുമായി മുന്നോട്ടുപോകാതിരിക്കാനാണ് പണമെന്നും അല്ലെങ്കിൽ യുവാവിനെയും കുടുംബത്തിനെയും ജയിലിലടയ്ക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. ഇതോടെ യുവാവ് ഭയന്നു. ആദ്യഘട്ടത്തിൽ യുവാവ് ഇതേക്കുറിച്ച് ആരോടും വെളിപ്പെടുത്തിയില്ല. ഒടുവിൽ ദിവസങ്ങൾക്ക് ശേഷം ഒരു സുഹൃത്തിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. തുടർന്ന് ഈ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!