കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഡയബറ്റിക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി പാതിവഴിയിൽ

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ഡയബറ്റിക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പദ്ധതി ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. പരിയാരത്ത് മെഡിസിൻ വിഭാഗത്തിലടക്കം നിത്യേന ചികിത്സ തേടിയെത്തുന്ന പ്രമേഹരോഗികൾ പതിന്മടങ് ഉയർന്നത് ഇതിന്റെ ആവശ്യകത വെളിവാക്കുന്നുണ്ടെങ്കിലും പദ്ധതി ലക്ഷ്യത്തിലെത്തിയില്ല.
മലബാറിലെ ജനങ്ങൾക്കാകെ ഉപയോഗപ്പെടുന്നരീതിയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഗവേഷണത്തിനും ആധുനിക ചികിത്സയ്ക്കും പറ്റിയ സെൻറർ എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തത്. 2011-ലാണ് ഉത്തര കേരളത്തിൽ ആദ്യമായി ഡയബറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് പരിയാരത്ത് തുടങ്ങുക എന്ന ആശയം ഉയർന്നത്. ഇതിനായി പരിയാരത്തുള്ള സൗകര്യങ്ങൾ വിലയിരുത്തുകയും അത്യാധുനിക സൗകര്യങ്ങളുമായി ഡയബറ്റിക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. 2012-ൽ മെഡിക്കൽ കോളേജ് ചെയർമാനായിരുന്ന ടി.കെ. ഗോവിന്ദൻ, മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ടി.കെ. ചന്ദ്രശേഖരൻ, മെഡിസിൻ വിഭാഗം പ്രൊഫസറും ഗവേഷണവിഭാഗം മേധാവിയുമായ ഡോ. ബാലകൃഷ്ണൻ വള്ളിയോട് പോയി പ്രവർത്തനം വിലയിരുത്തി. തുടർന്ന് പ്രശസ്ത പ്രമേഹരോഗ വിദഗ്ധൻ കൂടിയായ ഡോ. ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ വിശദമായ പദ്ധതി സമർപ്പിച്ചു.
അതുപ്രകാരം ടി.കെ. ഗോവിന്ദൻ തിരുവനന്തപുരത്ത് പോയി ആരോഗ്യവകുപ്പ് ഉന്നതരുമായി ചർച്ച നടത്തി. അദ്ദേഹം സ്ഥാനം ഒഴിഞ്ഞതോടെ തുടർപ്രവർത്തനങ്ങളുണ്ടായില്ല. കോവിഡ് കാലത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സ സൗകര്യങ്ങൾ ഒരുക്കെവെ, പ്രത്യേക പ്രമേഹ ചികിത്സാ പദ്ധതിയുടെ ആവശ്യകത ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അന്ന് കോവിഡ് ബാധിച്ച് മരിച്ചവർ ഏറെയും പ്രമേഹ ബാധിതരാണെന്നതും പ്രമേഹം കുട്ടികളിൽ മുതൽ വ്യാപകമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡയബറ്റിക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം വീണ്ടും ഉയർന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
ഇപ്പോൾ തിരുവനന്തപുരത്താണ് ഇത്തരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഉള്ളത്. പ്രമേഹരോഗംമൂലം ഇതര ശരീര ഭാഗങ്ങൾക്കുണ്ടാകുന്ന തകരാറുകൾ അടക്കം കണ്ടെത്തി ചികിത്സ നൽകാൻ ആവശ്യമായ സംവിധാനങ്ങളും ഡയാലിസിസ് ക്ലിനിക്കും അടങ്ങുന്ന സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടിരുന്നത്. ഇതുപ്രകാരം പ്രമേഹംമൂലം ഉണ്ടാകുന്ന ഇതരരോഗങ്ങൾക്കെല്ലാം വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഒരു കുടക്കീഴിൽ ലഭ്യമാക്കി ഏകോപിപ്പിച്ച് വിദഗ്ധ ചികിത്സ നൽകാനാകും.