കാറിടിച്ച് അധ്യാപകന്റെ മരണം; കാർ ഓടിച്ച ഉടമയും സഹോദരനും അറസ്റ്റിൽ

മട്ടന്നൂർ: അധ്യാപകൻ വി.കെ.പ്രസന്നകുമാർ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഉടമയും സഹോദരനും അറസ്റ്റിൽ. ഉരുവച്ചാൽ സ്വദേശി ടി.ലിജിനിനെ (33) ആണ് മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി.പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കുറ്റം ഏറ്റെടുത്ത സഹോദരൻ ടി.ലിപിനിനെയും (38) അറസ്റ്റ് ചെയ്തു. കാർ ഓടിച്ചയാൾ ഒന്നര മാസത്തിനു ശേഷമാണ് പിടിയിലാകുന്നത്. കഴിഞ്ഞ മാസം 9ന് രാത്രി 10ന് ഇല്ലംമൂലയിൽ ആയിരുന്നു അപകടം. വീട്ടിലേക്ക് നടന്നുപോയ പ്രസന്നകുമാറിനെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി.
കാർ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോൾ ലിജിനിന്റെ സഹോദരൻ ഇടപ്പഴശിയിലെ ലിപിൻ കാറുമായി മട്ടന്നൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. താനാണ് കാർ ഓടിച്ചതെന്നും അപകടം നടന്നത് അറിഞ്ഞില്ലെന്നും ഇയാൾ മൊഴി നൽകി.
സഹോദരന്റെ കാറുമായി കാഞ്ഞിലേരിയിലെ താമസസ്ഥലത്തേക്ക് പോയതാണെന്നും പറഞ്ഞു. എന്നാൽ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനാൽ പൊലീസ് അന്വേഷണം തുടർന്നു. ഉടമയായ ലിജിൻ തന്നെയാണ് കാർ ഓടിച്ചതെന്നും സഹോദരൻ ലിപിൻ കുറ്റം ഏറ്റെടുത്തതാണെന്നും പൊലീസ് പറഞ്ഞു.
അപകടം നടന്ന് അടുത്ത ദിവസം രാവിലെ കൂത്തുപറമ്പിലെ ഒരു വർക്‌ഷോപ്പിലെത്തിച്ചു കാറിന്റെ മുൻഭാഗത്തെ ചില്ല് മാറ്റിയ ശേഷം 11ന് രാത്രി കാർ മട്ടന്നൂർ സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം തകർന്ന ഗ്ലാസ് പുഴയിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു. കാറിന്റെ തകർന്ന ബോഡി മാറ്റാനും തീരുമാനിച്ചതായി പറയുന്നു. അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചതിനാണ് ലിപിനെ അറസ്റ്റ് ചെയ്തത്.