കണ്ണൂർ : സതീശൻ പാച്ചേനി വിടപറഞ്ഞിട്ട് വെള്ളിയാഴ്ച ഒരുവർഷമാകും. സാധാരണക്കാരിൽ സാധാരണക്കാരനെപ്പോലെ എല്ലാവരോടും ഇടപെട്ട ആ മുഖം ആളുകൾക്ക് ഒരിക്കലും മറക്കാനാകില്ല. തന്‍റെ ഇല്ലായ്മകൾ മറ്റുള്ളവരിൽനിന്ന് മറച്ചുപിടിച്ച് കോൺഗ്രസ് പാർട്ടിക്കുവേണ്ടി ജീവിതംതന്നെ മാറ്റിവെച്ച നേതാവായിരുന്നു സതീശൻ പച്ചേനി.
ഒരു വീടുവെക്കണം എന്ന ആഗ്രഹം ചിലരോടൊക്കെ അദ്ദേഹം പങ്കുവെച്ചിരുന്നു. സ്വന്തം വീട് എന്ന സ്വപ്നം പൂർത്തിയാകാതെ അദ്ദേഹം പോയി. പക്ഷേ, പാച്ചേനിയുടെ കുടുംബത്തിന് ഇപ്പോൾ വീട് ഒരുങ്ങുകയാണ്. പരിയാരം അമ്മാനംപാറയിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി പണിയിക്കുന്ന ഇരുനില വീട് അവസാനഘട്ടത്തിലെത്തി. ജനുവരി ആദ്യം പാലുകാച്ചൽ നടത്താനാകുംവിധം പണി പുരോഗമിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം നിർമിക്കാനായി സ്വന്തം വീടെന്ന സ്വപ്നം മാറ്റിവെച്ച് കൈയിലുണ്ടായിരുന്ന പണമെടുത്ത് ചെലവഴിച്ചിരുന്നു സതീശൻ പാച്ചേനി. ഇത് പിന്നീട് പാർട്ടി മടക്കിനൽകി. ഡി.സി.സി. കെട്ടിടം ഉയർന്നെങ്കിലും സതീശൻ പാച്ചേനിക്ക് സ്വന്തം വീടെന്ന സ്വപ്നം ബാക്കിയായി.
പയ്യാമ്പലത്ത് സ്മൃതിമണ്ഡപം ഒരുങ്ങി
സതീശൻ പാച്ചേനിയുടെ സ്മാരകമായി പയ്യാമ്പലത്ത് സ്മൃതിമണ്ഡപം പൂർത്തിയായി. വെള്ളിയാഴ്ച ഒൻപത് മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനാച്ഛാദനം ചെയ്യും.
9.30-ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന. 10 മണിക്ക് നവനീതം ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നേതൃകൺവൻഷൻ.
ഉൾഭാഗം കോൺക്രീറ്റ് ആണെങ്കിലും പുറമെ ഫൈബർ ഗ്ലാസ് ഉപയോഗിച്ചാണ് സ്മൃതിമണ്ഡപം ഒരുക്കിയത്. പയ്യാമ്പലത്തെ ഉപ്പുകാറ്റും ചൂടുമേറ്റ് മണ്ഡപം നശിക്കാതിരിക്കാനാണ് ഫൈബർ ഗ്ലാസ് ഉപയോഗിച്ചതെന്ന് ശില്പി ശ്രീജിത്ത്‌കുമാർ അഞ്ചാംപീടിക പറഞ്ഞു. 18 അടി ഉയരമുണ്ട് സ്മാരകസ്തൂപത്തിന്.
റീന പറയുന്നു, സന്തോഷമുണ്ട്, പക്ഷേ…
സ്വന്തമായൊരു വീട് ഉണ്ടാകുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. എന്നാൽ, ആ വീട്ടിൽ ഒപ്പം സതീശേട്ടൻ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടവുമുണ്ട്. സതീശൻ പാച്ചേനിയുടെ ഭാര്യ കെ.വി. റീന പറഞ്ഞു. ഒരു വീട് പണിയുക എന്നു പറഞ്ഞാൽ വലിയ ബാധ്യതയാണെന്ന് അറിയാം. 2021 നവംബറിലാണ് പരിയാരം അമ്മാനംപാറയിൽ 10 സെന്റ് സ്ഥലം വാങ്ങിയത്. അവിടെയാണ് വീട് പണിയുന്നത്. തളിപ്പറമ്പ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയാണ് റീന.