അതിദരിദ്രരെ വരുമാനം ഉറപ്പാക്കി കരയേറ്റാൻ ‘ഉജ്ജീവനം’

Share our post

തിരുവനന്തപുരം: ഒരു വരുമാനവുമില്ലാതെ അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ തൊഴിൽപരിശീലനം നൽകി കരയേറ്റാൻ സർക്കാർ. വരുമാനം അതിക്ലേശകരമായിട്ടുള്ള 6429 കുടുംബങ്ങൾ സംസ്ഥാനത്തുണ്ടെന്ന് കണക്കുകൾ. അതിദരിദ്രർക്ക് ഉപജീവനം ഉറപ്പാക്കാൻ ആദ്യഘട്ടമായി ‘ഉജ്ജീവനം’ പദ്ധതി നടപ്പാക്കും.

തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് അതിദാരിദ്ര്യ നിർമാർജന യജ്ഞം. സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ സൗകര്യങ്ങൾ പൂർണമായും ഇല്ലാത്തവരെന്ന് നാലുവിഭാഗങ്ങളായി തിരിച്ചാണ് ദാരിദ്ര്യ നിർമാർജന യജ്ഞം.

ഇതിൽ പകുതിപ്പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കാനുള്ള പരിപാടി കേരളപ്പിറവിദിനത്തിൽ തുടങ്ങും. ഭക്ഷണത്തിനും ചികിത്സയ്ക്കും മാർഗമില്ലാത്തവരാണ് ഇക്കൂട്ടത്തിലുള്ളവർ. സർക്കാർ തുടർച്ചയായ സഹായം നൽകി ഇവരെ ദാരിദ്ര്യമുക്തരാക്കും.

ഇതിനുപുറമേയാണ്, വരുമാനമില്ലാത്തവർക്ക് ഉപജീവനമൊരുക്കാൻ ‘ഉജ്ജീവനം’ എന്ന പ്രത്യേക പദ്ധതി. ഇതിന്റെ പ്രചാരണവും നിർവഹണച്ചുമതലയും കുടുംബശ്രീ ഏറ്റെടുക്കും. ഉപജീവനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നവർക്ക് അതു ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ ഉയർത്തുകയാണ് ലക്ഷ്യമെന്ന് തദ്ദേശവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങളുണ്ട്. ഇവർക്ക് 100 ദിവസത്തെ തൊഴിൽപരിശീലനം നൽകും. അനുയോജ്യമായ തൊഴിൽ ലഭ്യമാക്കി ഇവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള വഴിയൊരുക്കും. ബുധനാഴ്ച തിരുവനന്തപുരം വിമെൻസ് കോളേജിൽ ‘ഉജ്ജീവന’ത്തിന് തുടക്കമാവും.

അതിദരിദ്രർ ഇങ്ങനെ:

മലപ്പുറം: 1052

കോഴിക്കോട്: 728

പാലക്കാട്: 705

തൃശ്ശൂർ: 536

എറണാകുളം: 512

തിരുവനന്തപുരം: 439

കൊല്ലം: 439

വയനാട്: 441

കാസർകോട്; 389

കണ്ണൂർ: 379

 

ആലപ്പുഴ: 366

 

ഇടുക്കി: 209

 

പത്തനംതിട്ട 122

 

കോട്ടയം: 112


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!