കണ്ണൂർ : കോഴിക്കോട് ഭാഗത്തേക്കു മാത്രമല്ല, കാസർകോട് ഭാഗത്തേക്കും തിരിച്ചും കടുത്ത യാത്രാ ദുരിതമാണ് വടക്കേ മലബാറുകാർ നേരിടുന്നത്. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചും ട്രെയിൻ സമയം യാത്രക്കാരുടെ സൗകര്യം നോക്കാതെ മാറ്റിയും വന്ദേഭാരതിനു വേണ്ടി ട്രെയിനുകൾ തോന്നുംപടി വഴിയിൽ പിടിച്ചിട്ടും റെയിൽവേ പരിഷ്കാരങ്ങൾ തുടരുമ്പോൾ പെരുവഴിയിലാകുന്നത് യാത്രക്കാരാണ്.
വരുമാന വർധന മാത്രം ലക്ഷ്യമിട്ടുള്ള ഈ അഭ്യാസത്തിനിടെ വരുമാന മാർഗമായ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നവരും ഒട്ടേറെയുണ്ട് വടക്കേ മലബാറിൽ. കാസർകോട് ഭാഗത്തു നിന്നു പതിവായി കണ്ണൂർ ടൗണിലും പരിസരത്തും ജോലിക്കായി എത്തിയിരുന്നവരാണു വഴിമുട്ടി തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നത്. രാവിലെ കണ്ണൂർ ഭാഗത്തേക്കു ജോലിക്കായി വരുന്നവർ ആശ്രയിക്കുന്നത് 4 ട്രെയിനുകളെയാണ്.
രാവിലെ 6.04നു കാസർകോട് എത്തുന്ന മംഗളൂരു–കോഴിക്കോട് എക്സ്പ്രസ് സ്പെഷൽ, 6.35ന് കാസർകോട് എത്തുന്ന നേത്രാവതി, 7.40നുള്ള ചെന്നൈ എഗ്‌മോർ, 8.05നുള്ള ഏറനാട്. ഇതിൽ നേത്രാവതിയിലും ചെന്നൈ എഗ്മോറിലും രണ്ടുവീതം ജനറൽ കോച്ചുകളേയുള്ളൂ. അതുകൊണ്ടുതന്നെ ശ്വാസംമുട്ടി വേണം രാവിലെ യാത്ര ചെയ്യാൻ.
വൈകിട്ടത്തെ സ്ഥിതി അതിലേറെ കഷ്ടമാണ്. അഞ്ചരയ്ക്ക് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ ചെറുവത്തൂർ വരെയുള്ള യാത്രക്കാർക്ക് നേരിയ ആശ്വാസമാണെങ്കിലും അതിനപ്പുറത്തേക്കുള്ള യാത്ര അതികഠിനമാണ്. 6.29നുള്ള പരശുറാം എക്സ്പ്രസാണ് ഏക ആശ്രയം. അതിലാണെങ്കിൽ കാലുകുത്താൻ ഇടമുണ്ടാകാറില്ല.
6.40ലെ നേത്രാവതിയുടെ സ്ഥിതിയും ഇതുതന്നെ. ഇതു രണ്ടും പോയാൽ പിന്നെ കാസർകോട് ഭാഗത്തേക്ക് പോകാൻ പാതിരാ വരെ കാക്കണം. അത്രയും വൈകി വീട്ടിലെത്തിയിട്ട് എന്തുകാര്യം? അതിരാവിലെ വീണ്ടും പുറപ്പെടേണ്ടതല്ലേ !– പതിവു യാത്രക്കാർ ചോദിക്കുന്നു.യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും കൂടുതൽ ട്രെയിനുകളോ കൂടുതൽ കോച്ചുകളോ അനുവദിക്കാത്ത സമീപനം റെയിൽവേ തിരുത്തണം. സമയക്രമവും റൂട്ടും തീരുമാനിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥരെ ഈ ജനറൽ കോച്ചുകളിൽ ഒരു ദിവസമെങ്കിലും കയറ്റിവിടണം.
ജനപ്രതിനിധികളും എസി കോച്ച് വിട്ട് ജനറൽ കോച്ചിൽ കയറിയാലേ ഞങ്ങൾ എന്നും അനുഭവിക്കുന്ന ദുരിതം എത്രയെന്ന് മനസ്സിലാവൂ. കുട്ടികളുമായി കയറിയവർ കുഞ്ഞുങ്ങൾ തിരക്കിൽപ്പെട്ട് കൈവിട്ടു പോകുമ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദവും സ്ത്രീ യാത്രക്കാർ നിരന്തരം നേരിടുന്ന അതിക്രമങ്ങളുമൊന്നും ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചറിയുന്നില്ല.
വിപിൻ കുന്നത്ത്, കാസർകോട് – കണ്ണൂർ റൂട്ടിലെ സ്ഥിരം യാത്രക്കാരൻ മുൻപ് പതിവായി കണ്ണൂരിൽ വന്നു ജോലി ചെയ്തിരുന്ന ഒട്ടേറെപ്പേർ ജോലി ഉപേക്ഷിച്ചു. കണ്ണൂർ–കാസർകോട് റൂട്ടിൽ ബസുകളും കുറവാണ്. യാത്രയ്ക്ക് പ്രതിദിനം 200 രൂപയിലേറെ ചെലവായാൽ പിന്നെ കയ്യിലെന്തുണ്ട്? കണ്ണൂരിൽ മുറിയെടുത്ത് താമസിച്ചാണ് ചിലർ തൊഴിലിൽ തുടരുന്നത്. അതും അധികച്ചെലവാണ്. കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ അടിയന്തരമായി കൂടുതൽ ട്രെയിനുകൾ അനുവദിക്കണം സുരേഷ് ബാബു കാസർകോട് – കണ്ണൂർ റൂട്ടിലെ സ്ഥിരം യാത്രക്കാരൻ.