നാഥനില്ലാതെ കായിക വിദ്യാഭ്യാസം; സംസ്ഥാനത്ത് 74% സ്‌കൂളുകളിലും അധ്യാപകരില്ല

Share our post

ഗുരുവായൂർ: കായികതാരങ്ങളെ സ്കൂളുകളിൽത്തന്നെ വാർത്തെടുക്കേണ്ട സ്ഥാനത്ത് കായികാധ്യാപകർപോലുമില്ലാതെ പൊതുവിദ്യാലയങ്ങൾ. സംസ്ഥാനത്ത് 7454-ൽ 5585 സ്കൂളുകളിലും (74 ശതമാനം) കായികാധ്യാപകരില്ല. ആ പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിക്കുകയോ വെറുതേയിരിക്കുകയോ ചെയ്യേണ്ട അവസ്ഥ.

മൊത്തം 31 ലക്ഷം വിദ്യാർഥികൾക്കായി ആകെയുള്ളത് 1869 അധ്യാപകർമാത്രം. സ്‌കൂൾ കായികമേള കഴിഞ്ഞയാഴ്ച സമാപിച്ചപ്പോൾ, ഇക്കാര്യം പൊതുചർച്ചയായി ഉയർന്നിരുന്നു.യു.പി. വിഭാഗത്തിലെ 11 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്ക് വെറും 394-ഉം ഹൈസ്കൂൾ വിഭാഗത്തിലെ 12 ലക്ഷത്തോളം വിദ്യാർഥികൾക്ക് 1475 അധ്യാപകരുമേയുള്ളൂ. ഹയർ സെക്കൻഡറി വിഭാഗത്തിലാണെങ്കിൽ ഒരു സ്‌കൂളിൽപോലും കായികാധ്യാപകരില്ല. ഇവരെ ഹൈസ്‌കൂളുകളിലെ കായികാധ്യാപകരാണ് പലപ്പോഴും പരിശീലിപ്പിക്കുന്നത്.

കായികാധ്യാപകരില്ലെങ്കിലും ഓരോ ക്ലാസിലും കായിക പീരിയഡുകൾ നിർബന്ധമായി നടക്കുന്നുണ്ട്. ഒന്നാംക്ലാസിലും രണ്ടാം ക്ലാസിലും ആഴ്ചയിൽ രണ്ട് പീരിയഡ്, മൂന്നുമുതൽ ഏഴുവരെ ആഴ്ചയിൽ മൂന്ന്, എട്ടാം ക്ലാസിൽ രണ്ട്, ഒമ്പതിലും പത്തിലും ഒന്നു വീതം, ഹയർ സെക്കൻഡറിക്ക് രണ്ട് എന്നിങ്ങനെയാണ് പി.ടി. പീരിയഡുകൾ. അധ്യാപകരില്ലാത്തതിനാൽ എൽ.പി. ക്ലാസുകളിൽ പി.ടി. പീരിയഡില്ല. കായിക പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാരിന്റെ ഉത്തരവുമുണ്ട്.

സംസ്ഥാന സിലബസിൽ ‘ആരോഗ്യ കായിക വിദ്യാഭ്യാസം’ എന്നൊരു പാഠപുസ്തകം തന്നെയുണ്ട്. ഇത് കുട്ടികളെല്ലാം വാങ്ങണം. കായിക അധ്യാപകരില്ലാത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് ഈ പുസ്തകം തുറന്നുനോക്കേണ്ടി വരാറുമില്ല.എന്തുകൊണ്ട് നിയമനമില്ല ?

നിയമനാവശ്യവുമായി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കായികാധ്യാപകരുടെ സംഘടന സർക്കാരിനെ പലതവണ സമീപിച്ചു. 2017-ൽ ബഹിഷ്‌കരണസമരം നടത്തുകയുമുണ്ടായി.പൊതുവിദ്യാഭ്യാസ ഡയറക്ടർ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. 1959-ലെ വിദ്യാഭ്യാസചട്ടം കാലോചിതമായി പരിഷ്‌കരിക്കാമെന്നും കായികാധ്യാപക തസ്തികകൾ സൃഷ്ടിക്കാമെന്നും ഉറപ്പുനൽകിയെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. വിജയൻ പറഞ്ഞു. പിന്നീടൊന്നും ഉണ്ടായില്ല.

ആശ്രയം സ്‌പോർട്‌സ് അക്കാദമികൾ

സംസ്ഥാന സ്‌കൂൾ കായികമേളയിൽ മുന്നിൽ കുതിച്ചെത്തിയ കായികതാരങ്ങളിൽ ഭൂരിഭാഗവും പരിശീലനത്തിന് ആശ്രയിച്ചത് സ്വകാര്യ സ്‌പോർട്‌സ് അക്കാദമികളെയാണ്. അക്കാദമികളിലെ കോച്ചുമാരെ കിട്ടാൻ പണച്ചെലവുമുണ്ട്. നല്ല സാമ്പത്തികശേഷിയുള്ള സ്‌കൂളുകൾക്കുമാത്രം കഴിയുന്ന കാര്യവുമാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!