പട്ടികവിഭാഗങ്ങൾക്ക് പുതിയ കാലത്തിനനുസരിച്ചുള്ള തൊഴിൽ: ‘ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി’ ഉദ്ഘാടനം ചെയ്തു

Share our post

തിരുവനന്തപുരം : തൊഴിൽ സങ്കൽപ്പങ്ങൾ മാറിവരുന്ന പുതിയ കാലത്ത് വർത്തമാനകാലഘട്ടത്തെ അതിജീവിക്കാൻ കഴിയുന്ന തൊഴിലുകളാണ് പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകേണ്ടതെന്ന് മന്ത്രി കെ. രാധാകൃഷ്‌ണൻ. കേരള നോളജ് ഇക്കോണമി മിഷൻ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട അടിസ്ഥാന ജനവിഭാഗത്തെ മുന്നോട്ടുകൊണ്ടുവരാൻ ഉന്നതി തൊഴിൽ പദ്ധതി പ്രയോജനകരമാകും. ഈ സമൂഹത്തിന്റെ ഉന്നതിയിലേക്കുള്ള ചവിട്ടുപടിയാണ് പദ്ധതി. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ജീവിതം മെച്ചപ്പെടുത്താൻ അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകേണ്ടതുണ്ട്. ഈ സർക്കാർ വന്നതിനുശേഷം വിദേശ സർവ്വകലാശാലകളിലും ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കാനുള്ള അവസരം പട്ടികജാതി – പട്ടികവർഗ വിദ്യാർഥികൾക്ക് ലഭ്യമായിട്ടുണ്ട്. പഠനം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്ക് ബന്ധപ്പെട്ട തൊഴിൽ നേടുന്നതിനുള്ള അവസരം ഉന്നതിവഴി നൽകാനാകും. തൊഴിൽ നേടുന്നതിനൊപ്പം തൊഴിൽദാതാക്കളായി മാറാനുള്ള അവസരം അവർ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തൊഴിലിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ പിന്തുണ നോളജ് ഇക്കോണമി മിഷൻ നൽകുമെന്ന് നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു. പ്രസ്തുതവിഭാഗത്തിന്റെ തൊഴിൽ പങ്കാളിത്തം ഉറപ്പാക്കി സാമൂഹിക വികസനത്തിൽ അവരുടെ സംഭാവന നഷ്ടമാവാതിരിക്കാൻ പദ്ധതിവഴി സാധിക്കുമെന്നും പി.എസ്. ശ്രീകല വിശദീകരിച്ചു.

കേരള നോളജ് ഇക്കോണമി മിഷനും പട്ടികജാതി – പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവർമെൻറ് സൊസൈറ്റി’യുമായി ചേർന്നാണ് ഉന്നതി തൊഴിൽ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ തൽപരരായ, 18 നും 59നും ഇടയിൽ പ്രായമുള്ള, പ്ലസ്‌ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള, പട്ടികജാതി- പട്ടികവർഗ തൊഴിലന്വേഷകരെ കണ്ടെത്തി റസിഡൻഷ്യൽ പരിശീലനത്തിലൂടെയോ ഓൺലൈൻ പരിശീലനത്തിലൂടെയോ തൊഴിൽ ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. നോളജ് ഇക്കോണമി മിഷൻ 2023 സെപ്റ്റംബർ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ പട്ടികജാതി വിഭാഗത്തിൽ നിന്നും രണ്ട് ലക്ഷം പുതിയ രജിസ്ട്രേഷനുകളും 10000 വൈജ്ഞാനിക തൊഴിൽ അവസരങ്ങളും ലക്ഷ്യമിടുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും 20000 രജിസ്‌ട്രേഷനും 1000 തൊഴിൽഅവസരങ്ങളും ലക്ഷ്യംവയ്ക്കുന്നു. നിലവിൽ DWMS പ്ലാറ്റ്ഫോമിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും 86397 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും 7759 പേരും തൊഴിലിനായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അധ്യക്ഷയായി. നോളെജ് മിഷൻ ഡി.ഐ.ഇ മാനേജർ പി.കെ. പ്രിജിത്ത്, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.ജെ. അരവിന്ദാക്ഷൻ, എസ്.സി. അഡീഷണൽ ഡയറക്ടർ വി. സജി, എസ്.സി. ജില്ലാ ഓഫീസർ ഇ.എസ്. അംബിക, എസ്.ടി ജില്ലാ ഓഫീസർ എസ്. സന്തോഷ് കുമാർ, നോളെജ് മിഷൻ പ്രോഗ്രാം കോഡിനേറ്റർ നിതിൻ ചന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ പ്രമോട്ടർമാർക്കുള്ള ഏകദിന പരിശീലനം തുടർന്ന് നടന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!