ചിരി വിരിയട്ടെ, ഭദ്രയിൽ..; പാമി സിൻഡ്രം എന്ന അപൂർവ രോഗം ബാധിച്ച് 11 മാസം പ്രായമുള്ള കുഞ്ഞ്

തൃശ്ശൂർ: ജനിച്ച അന്ന് മുതൽ നിർത്താതെ കരച്ചിലായിരുന്നു ഭദ്ര. എന്നാലിപ്പോൾ രാവിലെ പതിവ് കുത്തിവെപ്പെടുക്കുമ്പോൾ പോലും ആ കരച്ചിലില്ല. പിറന്നുവീണ് 11 മാസത്തിനുള്ളിൽത്തന്നെ ഏതു വേദനയും സഹിക്കാൻ അവൾ പഠിച്ചിരിക്കുന്നു. പതിനൊന്നു മാസം മാത്രം പ്രായമുള്ള ഭദ്ര വളരെ അപൂർവം പേരിൽ മാത്രം കണ്ടെത്തിയ പാമി സിൻഡ്രം (ഇൻഫന്റ്‌ലൈൻ മൈലോഫൈബ്രോസിസ്) രോഗബാധിതയാണ്. വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണിപ്പോൾ.
തൃശ്ശൂർ സരോജ ആശുപത്രിയിലാണ് തൃശ്ശൂർ കടങ്ങോട് സ്വദേശി അനന്തരാജിന്റെയും സുഭിഷയുടെയും മകളായ ഭദ്ര ജനിക്കുന്നത്. രാത്രിയിലുടനീളം കരയുന്ന കുഞ്ഞുമായി മാതാപിതാക്കൾ പല ആശുപത്രികൾ കയറിയിറങ്ങി. ദഹനപ്രശ്‌നം എന്ന് പറഞ്ഞ് നൽകിയ മരുന്നുകൾക്കൊന്നും കുഞ്ഞിന്റെ കരച്ചിലടക്കാനായില്ല. അമല മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഡോക്ടർ ജെസ്സി ജോസാണ് സംശയം പ്രകടിപ്പിച്ച് ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചത്.
ഹീമറ്റോളജിയിലെ ഡോ. ശ്രീരാജ് നടത്തിയ ബോൺ മാരോ പരിശോധനയിൽ രക്തകോശ ഭിത്തികളിൽ ഫൈബ്രോയ്ഡ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇവിടെനിന്നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് പോവുന്നത്. മജ്ജ മാറ്റിവയ്ക്കലാണ് പരിഹാരം. മകൻ പത്തുവയസ്സുകാരൻ അദ്രിദിന്റെ മജ്ജ ചേരുമെന്ന പ്രതീക്ഷയിലാണിവർ.
ഇടക്കിടെ അണുബാധയുണ്ടാവുന്നതുകൊണ്ട് ഭദ്ര ആശുപത്രിയിൽത്തന്നെയാണ്. ദിവസവും പതിനായിരത്തിലേറെ രൂപ വേണം. മജ്ജമാറ്റിവയ്ക്കലിന് മാത്രം ലക്ഷങ്ങൾ ചെലവുവരും. ഇതുവരെ 25 ലക്ഷത്തിലേറെ ചെലവഴിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജോലി വിട്ട് സുഹൃത്തുക്കളുമായി ചേർന്ന് കൂർക്കഞ്ചേരിയിൽ സ്റ്റാർട്ട് അപ് തുടങ്ങിയതേയുള്ളൂ അനന്തരാജ്.
ഭദ്രയുടെ ചികിത്സയ്ക്കായി അനന്തരാജിന്റെ പേരിൽ എച്ച്.ഡി.എഫ്.സി. ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 04111050142364, ഐ.എഫ്.എസ്.സി: HDFC0001259. ഫോൺ: 7736053338.
പാമി സിൻഡ്രം
ജന്മനാ മജ്ജയ്ക്ക് സംഭവിക്കുന്ന തകരാറ് മൂലമുണ്ടാകുന്ന അപൂർവ രോഗമാണിത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രക്താർബുദത്തിന് വഴിവയ്ക്കും. മൂലകോശം മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധി.
-ഡോ. ശ്രീരാജ് വി., ഹീമറ്റോളജി വിഭാഗം, അമല മെഡിക്കൽ കോളേജ്.