ഏഴു വര്‍ഷത്തിനിടെ ആത്മഹത്യചെയ്തത് 75-ഓളം പോലീസുകാർ; വില്ലൻ ജോലിഭാരം

വടകര: ജോലിഭാരം കൊണ്ടും വിശ്രമമില്ലാത്തതു കൊണ്ടും പോലീസുകാരില്‍ ആത്മഹത്യപ്രവണത കൂടുന്നുവെന്ന് രണ്ട് ഐ.ജി.മാര്‍ ഡി.ജി.പി.ക്ക് റിപ്പോര്‍ട്ട് നല്‍കിയത് 2021-ല്‍. ഈ റിപ്പോര്‍ട്ട് പ്രകാരം 2023 ജൂണില്‍ ഡി.ജി.പി. നിര്‍ദേശിച്ചത് പോലീസുകാര്‍ക്ക് ബോധവത്കരണ ക്ലാസുകളും മറ്റും നല്‍കാന്‍. കൗണ്‍സിലിങ്ങിനും യോഗയ്ക്കും ബോധവത്കരണ ക്ലാസിനും മുറപോലെ നിര്‍ദേശം വരുന്നുണ്ടെങ്കിലും പോലീസുകാരുടെ മാനസിക സമ്മര്‍ദത്തിനും ആത്മഹത്യപ്രവണതയ്ക്കുമൊന്നും മാറ്റമില്ലെന്നാണ് കഴിഞ്ഞ ദിവസം കുറ്റ്യാടിയില്‍ പോലീസുകാരന്‍ ഡ്യൂട്ടിക്കിടെ ആത്മഹത്യചെയ്ത സംഭവം വിരല്‍ചൂണ്ടുന്നത്.
ഈ മാസം മാത്രം സംസ്ഥാനത്ത് ആത്മഹത്യചെയ്തത് മൂന്ന് പോലീസുകാരാണ്. 2015 മുതല്‍ 19 വരെ സംസ്ഥാനത്ത് 51 പോലീസുകാര്‍ ആത്മഹത്യചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെച്ച കണക്ക് വ്യക്തമാക്കുന്നു. ഇതിനുശേഷം ഇരുപത്തിയഞ്ചോളം പോലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് കണക്ക്.
ആത്മഹത്യ തടയാന്‍ പദ്ധതികളുണ്ട്, പക്ഷേ…
പോലീസുകാരുടെ മാനസിക സമ്മര്‍ദം പരിഹരിക്കാന്‍ കൗണ്‍സിലിങ്ങ്, യോഗ, സംഗീതം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ കാലാകാലങ്ങളായി ആവിഷ്‌കരിക്കുന്നുണ്ട്. പക്ഷേ, ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല. ഇതൊന്നും യഥാര്‍ഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നില്ലെന്നാണ് പോലീസ് സേനയുടെ മൊത്തത്തിലുള്ള അഭിപ്രായം. യോഗപദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ പോലീസുകാര്‍ക്ക് അത് ദുരിതമായി മാറി. എട്ടുമണിക്ക് ഡ്യൂട്ടിക്ക് എത്തേണ്ടവര്‍ പോലും രാവിലെ ഏഴുമണിക്കുതന്നെ യോഗയ്ക്കായി സ്റ്റേഷനിലെത്തേണ്ട സ്ഥിതി.
യഥാര്‍ഥ പ്രശ്‌നം ജോലിഭാരമാണെന്ന് പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്കല്‍ സ്റ്റേഷനുകളില്‍ ക്രമസമാധാനം, കേസന്വേഷണം എന്നിവയെല്ലാം വേറിട്ട് നടത്തണമെന്നാണ് കടലാസിലുള്ളത്. പേക്ഷ, അംഗബലത്തിലെ കുറവും ജോലിത്തിരക്കും കാരണം എല്ലാ ജോലിയും എല്ലാവരും ചെയ്യണം.
കേസന്വേഷണത്തിനും കേസെഴുതാനും നിയോഗിക്കപ്പെട്ടയാള്‍ ഇതിനിടയില്‍ത്തന്നെ ക്രമസമാധാനപാലനത്തിന് പോകണം, പാറാവുനില്‍ക്കണം, പട്രോളിങ് നടത്തണം, ധര്‍ണയ്ക്കും പിക്കറ്റിങ്ങിനും കാവല്‍ നില്‍ക്കണം. ഇതോടെ നിശ്ചിതസമയത്തിനുള്ളില്‍ കേസെഴുതിത്തീര്‍ക്കാന്‍ സമയംകിട്ടാത്ത സ്ഥിതിവരും.
മാസാവസാനം പെട്ടെന്ന് തീര്‍ക്കാന്‍ മുകളില്‍നിന്നുള്ള സമ്മര്‍ദം. ഇതിനിടയില്‍ അവധിപോലുമില്ല. എട്ടുമണിക്കൂര്‍ ജോലിയെന്നത് പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍വരെ നീളും. ഇത് തീര്‍ക്കുന്ന സമ്മര്‍ദമാണ് പ്രധാനപ്രശ്‌നം. കേസെഴുതാന്‍ കൃത്യമായ പരിചയമില്ലാത്തവരാണെങ്കില്‍ സമ്മര്‍ദം ഇരട്ടിയാകും. ഇവര്‍ക്കുവേണ്ട സഹായം നല്‍കാന്‍പോലും സംവിധാനമില്ല. മുമ്പത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
കൂടാതെ, ജനമൈത്രി പോലീസ്, കുട്ടിപ്പോലീസ് പോലുള്ള പദ്ധതികള്‍. ഇതിനനുസരിച്ച് പോലീസിന്റെ അംഗബലം കൂടുന്നില്ല. ക്രമസമാധാനവും കേസന്വേഷണവും രണ്ടുവിഭാഗങ്ങളാക്കി, പ്രശ്‌നം പരിഹരിക്കണമെന്നത് പോലീസ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍, ഇതും കടലാസില്‍മാത്രം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)