ടിക്കറ്റ് പരിശോധന കടുപ്പിക്കാൻ റെയില്‍വേ ബോര്‍ഡ് തീരുമാനം

കണ്ണൂർ : രാജ്യത്തുടനീളം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ടിക്കറ്റ് പരിശോധന കടുപ്പിക്കാൻ റെയില്‍വേ ബോര്‍ഡ് തീരുമാനം. നവംബര്‍ 27 വരെ ഇതിനായി സ്പെഷല്‍ ഡ്രൈവ് നടത്താനാണ് നിര്‍ദേശം.
ഇതുസംബന്ധിച്ചുള്ള റെയില്‍വേ ബോര്‍ഡ് പാസഞ്ചര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ വിശദമായ അറിയിപ്പ് എല്ലാ സോണുകളിലെയും പ്രിൻസിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍മാര്‍ക്കും ലഭിച്ചുകഴിഞ്ഞു. എല്ലാ സോണുകളിലും ഒരേസമയം ഇത്തരത്തില്‍ പരിശോധന നടത്തുത് റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടിക്കറ്റില്ലാത്ത യാത്രികരെ പിടികൂടി പിഴ ഈടാക്കുന്നതായിരുന്നു പതിവ് പരിശോധന.
ഇതുകൂടാതെ ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ നല്‍കുന്ന എല്ലാ രേഖകളും കൃത്യമായി ഇല്ലാത്തവരെ പിടികൂടി കനത്ത പിഴ ഈടാക്കാനാണ് പ്രധാനപ്പെട്ട നിര്‍ദേശം.
എമര്‍ജൻസി ക്വോട്ട, മുതിര്‍ന്ന പൗരന്മാര്‍, ക്യാൻസര്‍ രോഗികള്‍ എന്നീ ഇളവുകളുള്ള ടിക്കറ്റുകളില്‍ സഞ്ചരിക്കുന്നവരെ കൃത്യമായി പരിശോധിക്കാനും രേഖകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ വൻതുക പിഴ ഈടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ടിക്കറ്റുകളുടെ ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണിത്. സോണല്‍, ഡിവിഷണല്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കണം ടിക്കറ്റ് പരിശോധിക്കേണ്ടതെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. പരിശോധന സംബന്ധിച്ച വിശദ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ ഡിസംബര്‍ 4ന് മുമ്പ് റെയില്‍വേ മന്ത്രാലയത്തിന് നല്‍കുകയും വേണം.
ഭൂരിഭാഗം സോണുകളിലും ഈ മാസം കഴിഞ്ഞ ദിവസം ഇത്തരം പരിശോധനകള്‍ ആരംഭിച്ചു. സ്റ്റേഷനുകളിലെല്ലാം ടിക്കറ്റ് കൗണ്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം. പ്രാദേശിക തലത്തില്‍ അധിക കൗണ്ടറുകള്‍ വേണമെങ്കില്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളുടെ പ്രവര്‍ത്തനം ഒരു കാരണവശാലും തടസപ്പെടാനോ തടസപ്പെടുത്താനോ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പുതിയ പരിശോധന സംബന്ധിച്ച് ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ്, യു.ടി.എസ് ആപ്പ്, മറ്റ് മൊബൈല്‍ ആപ്പുകള്‍ എന്നിവ വഴി പരമാവധി പ്രചാരണം നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.