ന്യൂഡൽഹി:നിലവാരമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിനായി ചെമ്പ് ഉല്‍പന്നങ്ങള്‍, ഡ്രമ്മുകള്‍, ടിൻ കണ്ടെയ്നറുകള്‍ എന്നിവയ്ക്ക് ഗുണനിലവാര മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍.
ഔദ്യോഗിക പ്രസ്താവനയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ്സ് (ബി.ഐ.എസ്) മാര്‍ക്ക് ഇല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കാനും വില്‍ക്കാനും വ്യാപാരം ചെയ്യാനും ഇറക്കുമതി ചെയ്യാനും സ്റ്റോക്ക് ചെയ്യാനും കഴിയില്ല.
വൈദ്യുതോല്‍പ്പാദനം, പവര്‍ ട്രാൻസ്മിഷൻ, ടെലികമ്മ്യൂണിക്കേഷൻ, ഇലക്‌ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയില്‍ ചെമ്ബും അതിന്റെ അലോയ്കളും ഉപയോഗിക്കുന്നുണ്ട്. അതുപോലെ ഡ്രമ്മുകളും ടിന്നുകളും അടിസ്ഥാനപരമായി വിഷലിപ്തവും കത്തുന്നതും അപകടകരവുമായ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മിച്ചതുമായതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ചോര്‍ച്ച, മായം, തീപിടുത്തം എന്നിവ ഉണ്ടാവാനുള്ള സാധ്യയേറെയാണ്. മാലിന്യ സംസ്കരണം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യവസായങ്ങളില്‍ അവ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഡ്രമ്മുകളും ടിന്നുകളും നല്ല ഗുണനിലവാരമുള്ളതായിരിക്കണം. അതിനാല്‍ ചെമ്പ് ഉല്‍പന്നങ്ങള്‍ മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഒരു കാരണവശാലും അതില്‍ വിട്ടുവീഴ്ച ചെയ്യരുത്.
ഡ്രംസ് ആൻഡ് ടിൻസ് (ക്വാളിറ്റി കണ്‍ട്രോള്‍) ഓര്‍ഡര്‍ 2023, ചെമ്ബ് ഉല്‍പന്നങ്ങളുടെ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് 2023, എന്നിവയുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ഒക്ടോബര്‍ 20ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവുകള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച തിയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡി.പി.ഐ.ഐ.ടി അറിയിച്ചു.
ചെറുകിട വ്യവസായങ്ങള്‍ക്ക് സമയപരിധിയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് മൂന്ന് മാസമാണ് കാലാവധി. ബി.ഐ.എസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവോ കുറഞ്ഞത് 2 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. അതല്ലെങ്കില്‍ സാധനങ്ങളുടെ മൂല്യത്തിന്റെ 10 മടങ്ങ് വരെ നല്‍കേണ്ടിവരും.
ഉപയോക്താക്കള്‍ക്കും നിര്‍മാതാക്കള്‍ക്കുമിടയില്‍ ഗുണനിലവാര സംവേദനക്ഷമത വികസിപ്പിക്കുന്നതിന് വിവിധ സംരംഭങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റിംഗ് ലാബുകളുടെ വികസനം, ഉല്‍പ്പന്ന മാനുവലുകള്‍, ടെസ്റ്റ് ലാബുകളുടെ അക്രഡിറ്റേഷൻ എന്നിവയ്‌ക്കൊപ്പം ഈ സംരംഭങ്ങള്‍ രാജ്യത്തെ ഗുണനിലവാരമുള്ള ഒരു ആവാസ വ്യവസ്ഥയുടെ വികസനത്തിന് സഹായിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.