ആളെക്കൊല്ലിയായി എയര്‍ഗൺ; ഈ വർഷം മൂന്ന് മരണം, ഓണ്‍ലൈനിലും വില്‍പ്പന

തിരുവനന്തപുരം: സംസ്ഥാനത്ത് എയര്‍ഗണ്‍ കാരണമുള്ള അപകടങ്ങളും കുറ്റകൃത്യങ്ങളും ഏറുന്നു. പക്ഷികളെയും മൃഗങ്ങളെയും ഓടിക്കാനും തമാശയ്ക്കുമൊക്കെ ഉപയോഗിച്ചിരുന്ന എയര്‍ഗണ്ണുകള്‍ ആളെക്കൊല്ലിയായി മാറുകയാണ്. പരസ്പരം ആക്രമിക്കുന്നതിന് എയര്‍ഗണ്‍ ഉപയോഗിച്ചതിലൂടെ ഇക്കൊല്ലം ഇതുവരെ നടന്നത് ആറ് അപകടങ്ങള്‍. മരിച്ചത് മൂന്ന് പേരും.
തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രം ഉപയോഗിച്ച് വാങ്ങാവുന്നതാണ് എയര്‍ഗണ്‍. അവയൊക്കെ നിയമാനുസൃതമുള്ളതുമാണ്. അതേസമയം, ഫയര്‍ആംസ് എന്ന ഗണത്തില്‍ വരുന്ന, ലൈസന്‍സില്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള തോക്കുകളും എയര്‍ഗണ്‍ എന്ന പേരില്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.
250 രൂപ മുതല്‍
കളിത്തോക്കുകള്‍ക്കപ്പുറത്ത് യഥാര്‍ഥ തോക്കിന്റെ മാതൃകയിലുള്ള എയര്‍ഗണ്ണുകള്‍ ഇന്ന് ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകളില്‍ സുലഭമാണ്. 250 രൂപ മുതല്‍ 25000 രൂപയ്ക്ക് മുകളില്‍ വരെ എയര്‍ഗണ്ണുകള്‍ ലഭിക്കും. ഒരു ലൈസന്‍സും ആവശ്യമില്ലെന്ന പരസ്യത്തോടെയാണ് ഓണ്‍ലൈനുകളിലെ വില്‍പ്പന. അതേസമയം, കേരളത്തില്‍ വിവിധയിടങ്ങളിലെ തോക്ക് വില്‍പ്പന ശാലകളില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കി എയര്‍ഗണ്ണുകള്‍ വാങ്ങാനാകുമെന്നത് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എളുപ്പമാര്‍ഗവുമാണ്. സാമൂഹിക സുരക്ഷയ്ക്ക് വിരുദ്ധമായി ഉപയോഗിക്കില്ലെന്ന ഒരു പ്രസ്താവന എഴുതി നല്‍കിയാല്‍ മതിയാകും.
ക്ലോസ് റേഞ്ചില്‍ അപകടം
വെടിയുണ്ടകള്‍ക്ക് പകരം പെല്ലെറ്റുകളാണ് എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്നത്. പല തരത്തിലുള്ള പെല്ലെറ്റുകളുണ്ട്. കൂര്‍ത്ത അഗ്രമുള്ളതും ഉരുണ്ട അഗ്രമുള്ളതും പരന്ന അഗ്രമുള്ളതുമാണ് സാധാരണ പെല്ലെറ്റുകള്‍. ദൂരെ നിന്ന് വെടിയുതിര്‍ത്താല്‍ വലിയ അപകടമൊന്നുമില്ല. എന്നാല്‍, ക്ലോസ് റേഞ്ചില്‍ നിറയൊഴിച്ചാല്‍ അപകടകാരിയാണ്. പത്ത് മീറ്ററിനുള്ളില്‍ നിന്നുകൊണ്ട് ശരീരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ നിറയൊഴിച്ചാല്‍ അപകടമുണ്ടാകും. അതേസമയം, അടുത്തുനിന്നുകൊണ്ട് ഒരു കല്ലെറിയുകയോ മറ്റോ ചെയ്യുന്നതുപോലെയുള്ള അപകടം തന്നെയാണ് എയര്‍ഗണ്ണുകളില്‍ നിന്നുണ്ടാകുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തലയിലോ നെഞ്ചിലോ പെല്ലറ്റ് തറച്ച് ആഴത്തില്‍ മുറിവുണ്ടായാലാണ് അത് അപകടകരമാകുന്നത്. മറ്റുമുറിവുകള്‍ പോലെ തന്നെയാണ് പെല്ലറ്റുകൊണ്ടുള്ള മുറിവെന്നും വിദഗ്ധര്‍ പറയുന്നു.
എയര്‍ഗണ്‍ ഉപയോഗിച്ച് അപകടമുണ്ടാക്കിയ ആറ് സംഭവങ്ങളാണ് ഈ വര്‍ഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നെണ്ണത്തില്‍ മരണം സംഭവിച്ചു. ആലുവയില്‍ ഹൈക്കോടതി ജീവനക്കാരന്‍ സഹോദരനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊന്നതാണ് അവസാനത്തേത്. മലപ്പുറം ചങ്ങരംകുളം ആമയത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് എയര്‍ഗണ്‍കൊണ്ടുള്ള വെടിവയ്പില്‍ ഒരാളുടെ ജീവനെടുത്തത്. ഹരിപ്പാട്ടും എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റ് ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം എയര്‍ഗണ്‍ ഉപയോഗിച്ചുള്ള അഞ്ച് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.