ശ്വാസം വിടാൻ പോലും കഴിയാത്തത്ര തിരക്ക്!; ‘കഷ്ട്ട’ ലോക്കൽ യാത്ര

കണ്ണൂർ : പിടിച്ചതിനെക്കാൾ വലുതാണ് മാളത്തിലുള്ളതെന്ന ഭാഷാ പ്രയോഗം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നു ഈ ട്രെയിൻ യാത്ര. തിക്കിത്തിരക്കി കമ്പിയിൽ പിടികൂടി ഒരുവിധം കംപാർട്ട്മെന്റിനുള്ളിൽ കയറിയപ്പോൾ ആൾത്തിരക്കിന്റ നിലയില്ലാക്കയത്തിൽപെട്ടതു പോലെയായി. ശ്വാസം വിടാൻ പോലും കഴിയാത്തത്ര തിരക്ക്. വായിച്ചറിഞ്ഞ തിരക്ക് നേരിട്ടനുഭവിച്ചെഴുതാനും ചിത്രങ്ങൾ പകർത്താനുമായിരുന്നു ഈ സാഹസം!
റെയിൽവേയ്ക്കു യാത്രക്കാരോട് എന്താണിത്ര വാശി! ദുരിതം പരമാവധി അനുഭവിക്കട്ടെ എന്നാണോ അവരുടെ മനോഭാവം. അല്ലെങ്കിൽ ലോക്കൽ കോച്ചുകൾ വെട്ടിക്കുറച്ച് നാട്ടുകാരെ മുഴുവൻ ഇങ്ങനെ കഷ്ടപ്പെടുത്തുമോ? അതിവേഗ ട്രെയിനുകളുടെ ടിക്കറ്റ് ചെലവിനൊപ്പമെത്താൻ സാധാരണക്കാരൻ നെട്ടോട്ടമോടുകയാണ്. അപ്പോഴാണ്, നിലവിലെ ലോക്കൽ കോച്ചുകളുടെ എണ്ണം വീണ്ടും കുറച്ചത്. ഇന്നലെ വൈകിട്ട് 4.55നാണ് മാംഗളൂർ – ട്രിവാൻഡ്രം എക്സ്പ്രസ്(16348) കണ്ണൂരിലെത്തിയത്.
കയറിക്കൂടാൻ കഴിയുമോയെന്ന ആശങ്കയിൽ പ്ലാറ്റ്ഫോം നിറയെ യാത്രക്കാർ. ശനിയാഴ്ച ആയതിനാലാകണം, കോളജ് വിദ്യാർഥികളായിരുന്നു ഏറെയും. ട്രെയിൻ കണ്ണൂരിലെത്തുമ്പോൾ തന്നെ എല്ലാ കോച്ചിലും നല്ല തിരക്ക്. ഇറങ്ങുന്നതിലേറെ യാത്രക്കാർ കയറിപ്പറ്റാനുണ്ട്. അതിനുള്ള ജീവന്മരണ പോരാട്ടത്തിലാണു ഞാനും പങ്കാളിയായത്. ലേഡീസ് കോച്ചിലെ അവസ്ഥയാണെങ്കിൽ പറയുകയും വേണ്ട. കാലു കുത്താനിടമില്ല. കണ്ണൂരിൽ ഇറങ്ങേണ്ടവർ ഇറങ്ങാനാവാതെയും കയറേണ്ടവർ കയറാനാവാതെയും പാടുപെട്ടു. ട്രെയിനിൽ നിന്നു തിരക്കിട്ട് ഇറങ്ങുന്നതിനിടെ ഒരു വിദ്യാർഥി വീഴേണ്ടതായിരുന്നു.