ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ജോലി ചെയ്യാനുള്ള ഉയർന്ന പ്രായപരിധി 56 വയസാക്കി. ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തിയുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
40 വയസ്സു കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജനൽ ഡപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ജനറൽ വിഭാഗത്തിന് 40 വയസും ഒ.ബി.സിക്ക് 43, എസ്.സി., എസ്.ടി വിഭാഗങ്ങൾക്ക് 45 വയസുമായിരുന്നു ഗസ്റ്റ് അധ്യാപക നിയമനത്തിൽ സർക്കാർ നിശ്ചയിച്ചി രുന്ന പ്രായപരിധി. ഇതാണ് ഇപ്പോൾ പുനക്രമീകരിച്ചത്.
ബിഎഡ് യോഗ്യതയുണ്ടായിട്ടും ഉദ്യോഗാർഥികൾക്കു 40വയസ് കഴിഞ്ഞാൽ ഹയർ സെക്കൻഡറിയിൽ ഗസ്റ്റ് അധ്യാപകരായി പോലും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു.