നിടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ പേടിയാത്ര 

Share our post

നിടുംപൊയിൽ : കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും അന്തർ സംസ്ഥാനപാതയുമായ നിടുംപൊയിൽ – മാനന്തവാടി ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞു. പേര്യ ചുരത്തിലെ ജില്ലാ അതിർത്തിവരെ വലിയ വളവുകളുള്ള അപകടസാധ്യത നിലനിൽക്കുന്ന റോഡാണിത്. ഇരുപത്തിനാലാം മൈൽ മുതൽ ഇരുപത്തിയെട്ടാം മൈൽ വരെയുള്ള റോഡാണ് വലിയ കുഴികളായി മാറിയത്. വാഹനത്തിരക്കേറിയ ചുരം റോഡ് തകർന്ന് പല സ്ഥലങ്ങളിലും വൻകുഴികളായി മാറിയിട്ട് മാസങ്ങളായി.

ഹെയർപിൻ വളവുകൾ ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി വളവുകളോടുകൂടി വയനാട്ടിലേക്ക് പോകുന്ന പ്രധാന റോഡാണിത്. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, കണ്ണവം പ്രദേശത്തുള്ളവർ നിടുംപൊയിൽ -മാനന്തവാടി ചുരംറോഡ് വഴിയാണ് വയനാട്ടിലേക്ക് പോകുന്നത്. നിടുംപൊയിൽ കഴിഞ്ഞാൽ റോഡിന് ഇരുവശവും ഇരുൾനിറഞ്ഞ വനപ്രദേശമാണ്. കൂടാതെ, കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന പ്രദേശവും. റോഡ് തകർന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനയാത്ര ഇതുവഴി ദുരിതപൂർണമാണ്. മലമുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം റോഡിലെ വലിയ കുഴികളിലാണ് തങ്ങിനിൽക്കുന്നത്. വെള്ളം നിറഞ്ഞുനിൽക്കുന്ന കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ചുരംറോഡിൽ പലഭാഗത്തും വശങ്ങൾ ഇടിഞ്ഞുതാണതും വാഹനങ്ങൾക്ക് അപകട ഭീഷണിയായി. രാവിലെയും വൈകീട്ടും റോഡിൽ കോടമഞ്ഞുള്ളതിനാൽ വാഹനങ്ങൾക്ക് ഇതുവഴിയുള്ള യാത്ര പ്രയാസമേറിയതാണ്.

അന്തസ്സംസ്ഥാനപാതയായതിനാൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള ബസുകളും ചരക്ക് ലോറികളടക്കം നിത്യേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പ്രളയകാലത്ത് ഉരുൾപൊട്ടലിനെത്തുടർന്ന് ചുരം റോഡ് വ്യാപകമായി തകർന്നിരുന്നു. പലയിടത്തും സംരക്ഷണഭിത്തിയും കലുങ്കുകളും തകർന്നിരുന്നു. തകർന്ന കലുങ്കുകളും സംരക്ഷണഭിത്തിയും പല സ്ഥലങ്ങളിലും പുനർനിർമിച്ചെങ്കിലും റോഡിലെ കുഴികൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. റോഡരികിൽനിന്ന് ഉറവ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത് കുഴികൾ കൂടാൻ ഇടയാക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!