കുടുംബശ്രീയുടെ കേരള ചിക്കൻ കണ്ണൂരിലും

കണ്ണൂർ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പിൽ എം. വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.
നിലവിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട് മലപ്പുറം തുടങ്ങി പത്ത് ജില്ലകളിൽ പദ്ധതി നടപ്പാക്കി വരുന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എം. എൽ. എ പറഞ്ഞു. ആദ്യഘട്ടത്തിൽ 18 ഫാമുകളാണ് പദ്ധതിയുടെ ഭാഗമാവാൻ താല്പര്യം പടകടിപ്പിച്ചത്.
കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ 50% ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉൽപാദിപ്പിച്ച് വിപണനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. മൃഗസംരക്ഷണ വകുപ്പും കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷനുമായും സംയോജിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.
തളിപ്പറമ്പ് മൊട്ടമ്മൽ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. അടുത്ത ഒരു വർഷത്തേക്ക് പദ്ധതിക്കായി ചിക്കൻ നൽകുന്നതിന് പ്രിയം ചിക്കൻ ഫാം- പടിയൂർ ഉടമസ്ഥ പങ്കജാക്ഷിയിൽ നിന്നുള്ള എഗ്രിമെന്റ് എം. എൽ. എ കെ. ബി .എഫ്. പി. സി. എൽ കമ്പനി അധികൃതർക്ക് കൈമാറി. കെ. ബി. എഫ്. പി. സി .എൽ മാർക്കറ്റിംഗ് മാനേജർ എസ് അഗിൻ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട്മാരായ പി. ശ്രീമതി (പട്ടുവം), ജോജി ജോസഫ് (ആലക്കോട് ), നഗരസഭ കൗൺസിലർ കെ. എൻ ലത്തീഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം. സുർജിത്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. ഒ ദീപ, സി. ഡി. എസ് ചെയർ പേഴ്സൺ രാജി നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.