കോടികളുടെ നിക്ഷേപ തട്ടിപ്പ് ; വി.എസ്. ശിവകുമാറിനെ രക്ഷിക്കാൻ കെ. സുധാകരൻ ഇടപെട്ടു

തിരുവനന്തപുരം : മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാർ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുകേസ് ഒത്തുതീർപ്പാക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇടപെട്ടെന്ന് പരാതിക്കാർ. കെ.പി.സി.സി ആസ്ഥാനത്തുവച്ചും ഇടനിലക്കാർ വഴിയും കെ. സുധാകരൻ ഒത്തുതീർപ്പ് ചർച്ച നടത്തിയെന്ന് പരാതിക്കാർ ആരോപിച്ചു.
കെ സുധാകരന്റെ നിർദേശപ്രകാരം കോൺഗ്രസ് നേതാക്കളായ വി.ആർ. പ്രതാപൻ, മുണ്ടേല മോഹനൻ എന്നിവർ തന്റെ വീട്ടിലേക്ക് മൂന്നുതവണയായി 15.99 ലക്ഷം രൂപ എത്തിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചതായി പരാതിക്കാരനായ കോൺഗ്രസ് പ്രവർത്തകൻ പി. മധുസൂദനൻ പറയുന്നു. മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിലും ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ പരാതിയിലാണ് വി.എസ്. ശിവകുമാറിനെ മൂന്നാംപ്രതിയാക്കി കരമന പൊലീസ് കേസെടുത്തത്.
തട്ടിപ്പുനടത്തിയ ഡിസ്ട്രിക്ട് അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് എം. രാജേന്ദ്രനുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് മുൻകൈയെടുത്തത് കെ.പി.സി.സി പ്രസിഡന്റ് ആണെന്നും പി. മധുസൂദനൻ പറഞ്ഞു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പണം നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. വട്ടപ്പാറ കുറ്റിയാണി സ്വദേശി ഒ.എസ്. ബൈജുവിന്റെ പേരിൽ സ്ഥിരനിക്ഷേപമായാണ് പണം നൽകിയത്. ഈ പണം അത്യാവശ്യക്കാർക്ക് വീതിച്ചു നൽകാൻ ശിവകുമാർ നിർദേശിച്ചതായും അമ്പതോളം പേർക്ക് വീതിച്ചുനൽകി തൽക്കാലം പ്രശ്നം പരിഹരിച്ചതായും മധുസൂദനൻ പറഞ്ഞു. മൂന്നുലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് മകളുടെ വിവാഹക്കത്ത് കാണിച്ചപ്പോൾ 1.99 ലക്ഷം രൂപ നൽകി ഒതുക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുമായി ബന്ധമില്ലെന്നും ഡി.സി.സി അംഗമായിരുന്ന രാജേന്ദ്രന്റെ ബാങ്ക് ആയതിനാൽ ഉദ്ഘാടനം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ശിവകുമാർ വാദിച്ചിരുന്നത്. ഈ വാദങ്ങൾ പൊളിക്കുന്ന വെളിപ്പെടുത്തലുകളാണ് അനുദിനം പുറത്തുവരുന്നത്. രാജേന്ദ്രൻ ശിവകുമാറിന്റെ ബിനാമിയാണെന്നും ശിവകുമാർ നേരിട്ട് നിർബന്ധിച്ചാണ് പല നിക്ഷേപങ്ങൾ നടത്തിയതെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട്.