ഇരുചക്ര വാഹനത്തില്‍ കുട്ടികളെ കൊണ്ടുപോകാറുണ്ടോ ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇരുചക്ര വാഹനത്തില്‍ കുട്ടികളെ കൊണ്ട് പോകുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായി വാഹനത്തിന് ഉണ്ടാവുന്ന ആഘാതങ്ങള്‍, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ച് പോകാതിരിക്കാന്‍ ജാഗ്രത കൂടിയേ തീരു.
ഒന്‍പത് മാസത്തിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്ര വാഹനത്തില്‍ കൊണ്ടു പോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹന ശേഷിയുള്ള ഒരു സേഫ്റ്റി ഹാര്‍നസ്സ് കൊണ്ട് ബന്ധിപ്പിക്കണം. ഒപ്പം ഈ കുട്ടികള്‍ ക്രാഷ് ഹെല്‍മറ്റോ ബൈസിക്കിള്‍ ഹെല്‍മെറ്റോ ധരിച്ചിരിക്കണം എന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നാലു വയസ് വരെ പ്രായമായ കുട്ടികള്‍ ഇരുചക്ര വാഹനത്തില്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററിന് മുകളിലേക്ക് പോകാന്‍ പാടില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ ചട്ടത്തില്‍ ഇക്കാര്യം പറയുന്നതായും മോട്ടോര്‍ വാഹന വകുപ്പ് ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ നടപ്പിലായി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉള്‍പ്പെടുത്തി.