ദുരിത ട്രാക്കിൽ ഉത്തര മലബാറിലെ ട്രെയിൻ യാത്ര

Share our post

കണ്ണൂർ : രാവിലെയും വൈകിട്ടും കണ്ണൂർ – കാസർകോട്‌ – കോഴിക്കോട്‌ റൂട്ടിലോടുന്ന ട്രെയിനുകളുടെ ജനറൽ കോച്ചുകളിൽ പൂഴി വാരിയിട്ടാൽ താഴെ വീഴില്ല. അത്രയധികം യാത്രക്കാരെ കുത്തി നിറച്ചാണ്‌ ഓടുന്നത്‌. ജോലിസ്ഥലത്തേക്കും തിരിച്ച്‌ വീട്‌ പിടിക്കാനുമുള്ള നെട്ടോട്ടത്തിനിടെ തിരക്ക്‌ കാരണം ശ്വാസം കിട്ടാതെ ബോധമറ്റ്‌ വീഴുന്നവരുടെ കാഴ്‌ച നിത്യസംഭവമാണ്‌. കഴിഞ്ഞ ദിവസം പരശുറാം എക്‌സ്‌പ്രസിൽ യാത്രചെയ്യുന്ന വിദ്യാർഥി ബോധമറ്റുവീണു. ഒരു മാസത്തിനിടെ മൂന്ന്‌ യാത്രക്കാരാണ്‌ ശ്വാസം മുട്ടി കുഴഞ്ഞുവീണത്‌.  

ജനറൽ കോച്ചുകളിൽ കയറിപ്പറ്റാനുള്ള പാടും ചില്ലറയല്ല. ഒന്നോ രണ്ടോ കോച്ചിൽ കയറാനായി നൂറുകണക്കിനാളുകളാണ്‌ സ്‌റ്റേഷനിൽ കാത്തുനിൽക്കുന്നത്‌. കോച്ചിൽ കയറിപ്പറ്റാൻ അതിസാഹസം കാണിക്കണം. തിരക്ക്‌ കാരണം അപകടകരമായി വാതിൽപ്പടിയുടെ മുകളിലിരുന്നും പിടിച്ച്‌ തൂങ്ങിയും യാത്രചെയ്യുന്നവരും ഏറെ. റെയിൽവേ സ്ലീപ്പർ കോച്ചുകളുടെയും ജനറൽ കോച്ചുകളുടേയും എണ്ണം വെട്ടിക്കുറച്ചതാണ്‌ ട്രെയിൻ യാത്ര അതീവ ദുഷ്‌കരമാക്കിയത്‌. യാത്രക്കാർ കഷ്ടപ്പെടുമ്പോഴും കോച്ചുകൾ വർധിപ്പിക്കാതെ കൊല്ലാക്കൊല ചെയ്യുകയാണ്‌ റെയിൽവേ. രാവിലെയും വൈകിട്ടും കോഴിക്കോടിനും മംഗളൂരുവിനും ഇടയിലുള്ള യാത്രയാണ്‌ ഏറെ ദുഷ്‌കരം.

രാവിലെ കണ്ണൂരിൽനിന്ന്‌ മംഗളൂരു ഭാഗത്തേക്കുള്ള മൂന്ന്‌ ട്രെയിനുകളെയാണ്‌ ദിവസേന യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്നത്‌. 6.40ന്‌ മലബാർ എക്‌സ്‌പ്രസും 6.50ന്‌ കണ്ണൂർ–മംഗളൂരു പാസഞ്ചറും 7.40ന്‌ കണ്ണൂർ–മംഗളൂരു സ്‌പെഷ്യൽ എക്‌സ്‌പ്രസും. ഈ ട്രെയിനുകളിലെ ജനറൽ കോച്ചിൽ കാലുകുത്താനിടമുണ്ടാവില്ല. കോഴിക്കോട്‌ ഭാഗത്തേക്കുള്ള പരശുറാം എക്‌സ്‌പ്രസിലും ഏറനാടിലും എഗ്‌മോറിലും ഇത്‌ തന്നെയാണ്‌ സ്ഥിതി. 

രാത്രി കണ്ണൂരിലെത്തുന്നവർക്ക്‌ വടക്കോട്ടേക്ക്‌ യാത്രചെയ്യാൻ തൊട്ടടുത്ത ദിവസംവരെ കാത്തിരിക്കണം. വൈകിട്ട്‌ 6.40ന്‌ കണ്ണൂരിലെത്തുന്ന നേത്രാവതി എക്‌സ്‌പ്രസാണ്‌ വടക്കോട്ടുള്ള അവസാന വണ്ടി. പിന്നീട്‌ എട്ടുമണിക്കൂറിനുശേഷം പുലർച്ചെ 2.30നുള്ള ചെന്നൈ–മംഗളൂരു വെസ്‌റ്റ്‌ കോസ്റ്റ്‌ എക്‌സ്‌പ്രസിനായി കാത്തിരിക്കണം. എട്ട്‌ വണ്ടികൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നുണ്ട്‌. ഇവയിൽ ചിലതെങ്കിലും കാസർകോട്ടേക്ക്‌ നീട്ടുകയോ സമയം മാറ്റുകയോ ചെയ്‌താൽ ഈ മേഖലയിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാനാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!