പരശുറാം നിറഞ്ഞുകവിഞ്ഞു ; തിരക്കിൽ യാത്രക്കാരിക്ക് പരിക്ക്

കണ്ണൂർ: ശനിയാഴ്ച വൈകീട്ട് കണ്ണൂരിലേക്കുള്ള പരശുറാം എക്സ്പ്രസിൽ അനുഭവപ്പെട്ടത് വൻ തിരക്ക് .കോഴിക്കോട്ടെത്തിയപ്പോഴേ ബോഗികൾ നിറഞ്ഞു കവിഞ്ഞു. ബോഗികളിൽ കയറാൻ യാത്രക്കാർ നെട്ടോട്ടമോടി. ഓട്ടത്തിനിടയിൽ യാത്രക്കാർ കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേറ്റു.ട്രാക്കിലെ ഓട്ടത്തിനിടയിലാണ് കൂട്ടിയിടിച്ച് വീണത് രണ്ടു യാത്രക്കാരും പാളത്തിൽ വീണു. ജംഷീല എന്ന യാത്രക്കാരിക്ക് കാലിന് മുറിവേറ്റു.
വൈകീട്ട് കണ്ണൂർ ഭാഗത്തേക്കുള്ള യാത്രയിൽ ആയിരക്കണക്കിന് യാത്രക്കാരാണ് പരശുറാമിൽ കയറിപ്പറ്റാൻ ഓടിയത്. ശനിയാഴ്ച നാലാം പ്ലാറ്റ്‌ഫോമിന് പകരം മൂന്നിലാണ് എത്തിയത്. പ്ലാറ്റ്‌ഫോം നിറഞ്ഞുകവിയുന്നതിനാൽ ഇപ്പോൾ പലരും താഴെ ട്രാക്കിലിറങ്ങിനിന്നാണ് കയറുന്നത്.
പരശുറാമിന്റെ തിരക്ക് പിന്നീടുവന്ന നേത്രാവതി എക്സ്പ്രസിലേക്കും നീണ്ടു. ആകെയുള്ള ജനറൽ കോച്ചിലും സ്ലീപ്പർ കോച്ചിലും ശൗചാലയത്തിന്റെ ഉള്ളിൽവരെ യാത്രക്കാർക്ക് നിൽക്കേണ്ടിവന്നു.