ഗാസയിലേക്ക് സഹായവുമായി ഇന്ത്യ; മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു

Share our post

ന്യൂഡൽഹി: യുദ്ധ പശ്ചാത്തലത്തിൽ ഗാസയിലേക്ക് സഹായവുമായി ഇന്ത്യ. 6.5 ടൺ മരുന്നുകളും ദുരിത ബാധിതർക്കുളള 32 ടൺ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഗാസയിലേക്ക് പുറപ്പെട്ടു. മരുന്നുകൾ, ശസ്ത്രക്രിയയ്ക്ക് അവശ്യമായ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ എന്നിവയും ഇവയിൽ ഉൾപ്പെടുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

അതേ സമയം, ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗാസയില്‍ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. 

ഗാസ സിറ്റിയില്‍ തുടരുന്നവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ് റെക്കോര്‍ഡ് ചെയ്ത ഫോണ്‍കോളുകള്‍ രാവിലെ മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റേതായി ലഭിച്ചുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. നേരത്തെ വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും ഖാന്‍ യൂനിസിലേക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് ഇസ്രയേല്‍ വാഗ്ദാനം ചെയ്തിരുന്നു.

തെക്കന്‍ ഗാസയിലേക്ക് പോകുന്നവര്‍ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുള്ള ഒരൊറ്റവഴി തന്നെ ഉപയോഗിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. സുരക്ഷിതപാത ഉപയോഗിക്കാനായി നിശ്ചിതസമയം ഈ പാതയിൽ ആക്രമണം നടത്തില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!