അത്തിത്തട്ടിലെ ദുർഗന്ധം നീങ്ങും : ഇരിട്ടിയിൽ തുമ്പൂർമുഴി മാതൃകയിൽ മാലിന്യസംസ്കരണം യാഥാർഥ്യമായി

ഇരിട്ടി : നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണം യാഥാർഥ്യമാക്കി. നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്റെയും മാലിന്യസംസ്കരണകേന്ദ്രം ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണിത്.
നഗരസഭയുടെ 2022-23 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് തുമ്പൂർമുഴി ജൈവമാലിന്യ സംസ്കരണ പ്ലാന്റ് യാഥാർഥ്യമാക്കിയത്.
നേരത്തേ നഗരത്തിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളിൽനിന്ന് ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ച് ജൈവമാലിന്യങ്ങൾ സംസ്കരണകേന്ദ്രത്തിലെ കുഴികളിലിട്ട് ജൈവവളമാക്കുകയായിരുന്നു. കുഴികളിലിടുന്ന മാലിന്യങ്ങൾ കാക്കകളും തെരുവുനായ്ക്കളും വലിച്ചിഴച്ച് പ്രദേശം ദുർഗന്ധപൂരിതമായിരുന്നു.
നഗരം വികസിച്ചതോടെ സംസ്കരണശേഷിയിലുമധികം മാലിന്യം സംസ്കരണകേന്ദ്രത്തിൽ എത്തുകയും ഇവ ദിവസങ്ങളോളം കൂട്ടിയിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്തിരുന്നു.
തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണം വഴി 10 ടൺ വരെ ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുണ്ട്. ഒരുടൺ സംസ്കരണ ശേഷിയുള്ള 10 സംസ്കരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പച്ചിലയും ജൈവമാലിന്യങ്ങളും ഇടകലർത്തിയിട്ട് സൂക്ഷ്മാണുക്കളുടെ സഹായത്താൽ 25 ദിവസംകൊണ്ട് ജൈവവളമാക്കി മാറ്റിയെടുക്കും. കാര്യമായ ദുർഗന്ധമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല.
നഗരസഭാധ്യക്ഷ കെ.ശ്രീലത പ്ലാന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സോയ, കെ.സുരേഷ്, എ.കെ.രവീന്ദ്രൻ, അംഗങ്ങളായ കെ.മുരളീധരൻ, എൻ.കെ.ഇന്ദുമതി, വി.പി.അബ്ദുൾ റഷീദ്, പി.രഘു, പി.ഫൈസൽ, വി.ശശി, സി.കെ.അനിത, അബ്ദുൾ റഹ്‌മാൻ കോമ്പിൽ, നഗരസഭ സെക്രട്ടറി രാകേഷ് പലേരിവീട്ടിൽ, ക്ലീൻ സിറ്റി മാനേജർ രാജീവൻ, കെ.എസ്.ഡബ്ല്യു.എം.പി. എൻജിനിയർ പ്രിൻസിമോൾ തുടങ്ങിയവർ സംസാരിച്ചു.
ബയോ മൈനിങ് ഉടൻ തുടങ്ങും
ലോകബാങ്കിന്റെ സഹായത്തോടെയുള്ള ബയോമൈനിങ് മാലിന്യസംസ്കരണ പദ്ധതിൽ ഇരിട്ടി നഗരസഭയെയും ഉൾപ്പെടുത്തി. വർഷങ്ങളായി ഉപയോഗിക്കുന്ന ജൈവസംസ്കരണ കേന്ദ്രം ഇതിനായി പ്രയോജനപ്പെടുത്തും.
അഞ്ചുകോടി രൂപയാണ് ബയോ മൈനിങ് മാലിന്യസംസ്കരണ പദ്ധതിക്കായി നഗരസഭയ്ക്ക് ലഭിക്കുക. സാധ്യതാപഠന റിപ്പോർട്ട് അംഗീകരിക്കുന്ന മുറയ്ക്ക് പദ്ധതി ടെൻഡർ ചെയ്യും. സംസ്കരണ കേന്ദ്രത്തിൽ കുമിഞ്ഞുകൂടിയ മാലിന്യം ഒഴിവാക്കാൻ 35 ലക്ഷം രൂപയുടെ പദ്ധതിക്കും ഉടൻ അനുമതി ലഭിക്കും.