താവക്കര ബി.പി.സി.എൽ ഡിപ്പോ പ്രവർത്തനം നിർത്തുന്നു

കണ്ണൂർ: താവക്കരയിലുള്ള, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ഡിപ്പോ പൂട്ടുന്നു. ഈമാസം 28ന് ഡിപ്പോ പ്രവർത്തനം നിർത്താനാണു തീരുമാനം. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ബി.പി.സി.എൽ അധികൃതർ പമ്പ് ഉടമകളെയും ടാങ്കർ ലോറി ഉടമകളെയും അറിയിച്ചു.
ബി.പി.സി.എൽ പമ്പ് ഉടമകളുടെയും ടാങ്കർ ഉടമകളുടെയും യോഗം വെവ്വേറെ വിളിച്ചു ചേർത്താണ് ഡിപ്പോ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം ബി.പി.സിഎൽ അധികൃതർ അറിയിച്ചത്.സുരക്ഷാ കാരണങ്ങളാലും കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഭാവി വികസനം മുന്നിൽ കണ്ടും ബിപിസിഎൽ ഡിപ്പോ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നേരത്തേ അഭിപ്രായമുയർന്നിരുന്നു.
പഴക്കം 70 വർഷം
70 വർഷത്തിലേറെ പഴക്കമുള്ളതാണ് ബി.പി.സി.എല്ലിന്റെ താവക്കര ഡിപ്പോ. ബി.പി.സി.എല്ലിന് ജില്ലയിൽ മുപ്പതിലേറെ പമ്പുകളുണ്ട്. താവക്കര ഡിപ്പോയിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന 60 ടാങ്കറുകളാണുള്ളത്. ഇത്രയും ടാങ്കർ ലോറികളിലായി 300ലേറെ തൊഴിലാളികളുമുണ്ട്. സുരക്ഷാ കാരണങ്ങളാൽ 5 വർഷം മുൻപ് ഇവിടെ പെട്രോൾ സംഭരണവും വിതരണവും നിർത്തിയിരുന്നു. അതിനു ശേഷം ഡീസൽ മാത്രമേ ഇവിടെ സ്റ്റോക് ചെയ്ത് വിതരണം ചെയ്തിരുന്നുള്ളൂ.