റാഫ അതിർത്തി തുറന്നു, സഹായവുമായി ട്രക്കുകള്‍ ഗാസയിലേക്ക്‌: ഒന്നിനും തികയില്ലെന്ന് റെഡ് ക്രെസന്റ്

Share our post

ഗാസ: ഗാസയിലേക്കുള്ള മാനുഷികസഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നു പോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിർത്തി കടന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ മറ്റുള്ള ട്രക്കുകളും അതിർത്തി പിന്നിടുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നല്‍കിയത്‌. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു.

എന്നാൽ 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗാസയിൽ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന റെഡ് ക്രസന്റ് പറഞ്ഞു.

ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്കിടെ പതിനൊന്നുദിവസമായി സമ്പൂർണ ഉപരോധം തുടരുന്ന ഗാസയിൽ മാനുഷികപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ ആളുകൾക്ക് വേറെ മാർഗമില്ല എന്ന അവസ്ഥയിലാണ്.

മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തിൽ തകർന്നിരിക്കയാണ്. വൈദ്യുതിവിതരണം പൂർണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. നിലവിൽ പല ആശുപത്രികളിലും ജനറേറ്റർ പ്രവർത്തിപ്പിക്കാൻവേണ്ട ഇന്ധനമില്ല.

ഗാസയിലേക്ക് മാനുഷികസഹായമെത്തിക്കാൻ ആദ്യഘട്ടമെന്നനിലയിൽ 20 ട്രക്കുകൾ റാഫ അതിർത്തിവഴി കടത്തിവിടാമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി അറിയിച്ചിരുന്നെങ്കിലും അതിർത്തി തുറന്നിട്ടിരുന്നില്ല. വ്യോമാക്രമണത്തിൽ തകർന്ന അതിർത്തിയിലെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ, പ്രാദേശിക സമയം പത്ത് മണിയോടെ അതിർത്തി തുറക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!