പേരാവൂര്‍ താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം നവംബറില്‍ തുടങ്ങും: മന്ത്രി വീണാ ജോർജ്ജ്

പേരാവൂര്‍ താലൂക്ക് ആശുപത്രി ആധുനികവത്ക്കരിക്കാന്‍ പുതിയ കെട്ടിട നിര്‍മ്മാണം നവംബറില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പേരാവൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിച്ച് ചിലര്‍ മുടക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. തെറ്റായ പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. പേരാവൂര്‍ താലൂക്ക് ആശുപത്രി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഡയാലിസിസ് കേന്ദ്രത്തിലെ ഷിഫ്റ്റ് നാലായി വര്‍ധിപ്പിക്കാനും കുട്ടികളുടെ പ്രത്യേക വാര്‍ഡ് സജ്ജമാക്കാനും ശ്രമിക്കും. പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ ഡയാലിസിസ് മെഷീനുകള്‍ ലഭ്യമാക്കും. ഒഴിവുള്ള തസ്തികകളില്‍ വേഗത്തില്‍ നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ഡുകളിലെത്തി കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗികളോടും കൂട്ടിരിപ്പുകാരോടും കുശലാന്വേഷണം നടത്തിയാണ് മന്ത്രി മടങ്ങിയത്. പരാതികള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞ മന്ത്രി ലഭിച്ച പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പും നല്‍കി. വരാന്തയില്‍ ഫാനില്ലാത്ത പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ മന്ത്രി സൂപ്രണ്ടിനോട് നിര്‍ദേശിച്ചു.
സണ്ണി ജോസഫ് എം.എല.എ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരന്‍, വൈസ് പ്രസിഡൻ്റ് പ്രീത ദിനേശന്‍, പേരാവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാല്‍, വൈസ് പ്രസിഡൻ്റ് നിഷ ബാലകൃഷ്ണന്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ. എം.പി. ജീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ. പി.കെ. അനില്‍കുമാര്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. എച്ച്. അശ്വിന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.