എങ്ങുമെത്താതെ പഴശ്ശി കനാൽ നവീകരണം; തുള്ളി വെള്ളം പോലും കിട്ടാതെ കർഷകരുടെ കാത്തിരിപ്പ്

അഞ്ചരക്കണ്ടി : പഴശ്ശി കനാലിന്റെ നവീകരണം തുടരുമ്പോഴും ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കർഷകരുടെ കാത്തിരിപ്പ് നീളുന്നു. അഞ്ചരക്കണ്ടി, ചക്കരക്കൽ മേഖലയിൽ പഴശ്ശി കനാൽ വഴി 2008ലാണ് അവസാനമായി ജലവിതരണം നടന്നത്. കനാലിന്റെ ചോർച്ചയും കാട് മൂടി ഒഴുക്ക് തടസ്സപ്പെട്ടതും ജലവിതരണം നിലയ്ക്കാൻ കാരണമായി. ഇതോടെ വേനലിൽ കനാൽ വെള്ളം ആശ്രയിച്ച് കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കർഷകർ ദുരിതത്തിലായി.
കൃഷി ആവശ്യത്തിന് കനാൽ വഴി വെള്ളം ലഭ്യമാക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമായതോടെ കനാൽ നവീകരിച്ച് വെള്ളം ലഭ്യമാക്കാൻ അധികൃതർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി തനത് ഫണ്ട്, കേന്ദ്രത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് എന്നിവയിൽ നിന്ന് ലഭിച്ച 17 കോടി രൂപ ചെലവിൽ ആദ്യ ഘട്ട നവീകരണ ജോലി ആരംഭിച്ചു. ഇതിനു പുറമേ സംസ്ഥാന ബജറ്റിൽ 10 കോടി രൂപയും അനുവദിച്ചു.
പഴശ്ശി അണക്കെട്ടിൽ നിന്ന് പറശ്ശിനിക്കടവ് വരെ 42 കി.മീറ്റർ ദൈർഘ്യമുള്ള മെയിൽ കനാൽ നവീകരിച്ചാൽ കൃഷി ആവശ്യത്തിനു വെള്ളം ലഭിക്കാത്ത സ്ഥിതി മാറും എന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. 2021ൽ കനാൽ വഴി ജല വിതരണം ആരംഭിക്കുമെന്നും അധികൃതർ കർഷകർക്ക് ഉറപ്പ് നൽകിയെങ്കിലും നടപ്പായില്ല.