കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രി കെട്ടിടം മാർച്ചിൽ പൂർത്തിയാകും : മന്ത്രി വീണാ ജോർജ്

കൂത്തുപറമ്പ്: ഗവണ്മെന്റ് താലൂക്ക് ആശുപത്രിയ്ക്കായി നിർമിക്കുന്ന 12നില കെട്ടിടം മാർച്ചിൽ പൂർത്തിയാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.ജൂണിലാണ് പൂർത്തീകരണ സമയം നിശ്ചയിച്ചതെങ്കിലും കെട്ടിടം പണി 40 ശതമാനത്തിലേറെ പൂർത്തിയയായതായി അവർ അറിയിച്ചു.
‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച് സ്ഥിഗതികൾ വിലയിരുത്തുന്നതിന് ഭാഗമായുള്ള ആദ്യ സന്ദർശനമാണ് രാവിലെ 8.30ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ നടന്നത്. കെ.പി.മോഹനൻ എം.എൽ.എ, നഗരസഭാധ്യക്ഷ വി.സുജാത, വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന, അഡീ. ഡയറക്ടർ ഡോ. വിദ്യ, ഡിഎംഒ ഡോ.എം.പി. ജീജ, ഡി.പി.എം ഡോ.അനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് അസി. മുരളീധരൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റ് സൊസൈറ്റി ജനറൽ മാനേജർ രാജീവ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.അലി, ആശുപത്രി വികസന സമിതി അംഗങ്ങൾ,ഉദ്യാഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും നേരിട്ട് സന്ദര്‍ശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവിടെ സ്ഥലപരിമിതിയും തസ്തികകൾ ഇല്ലാത്തതുമാണ് പ്രയാസമുണ്ടാക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും. എം.എൽ.എ വിഷയങ്ങൾ നേരത്തെ ധരിപ്പിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിച്ചു കിട്ടാൻ അദ്ദേഹത്തിൻ്റെ നല്ല പരിശ്രമമുണ്ട്.
രോഗികളോടും ആരോഗ്യ പ്രവർത്തകരോടും നിലവിലുള്ള പ്രയാസങ്ങൾ ചോദിച്ച് മനസിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങൾ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി സന്ദര്‍ശിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഒന്നാംഘട്ട സന്ദര്‍ശനം നടത്തിയിരുന്നു.