കണ്ണൂര്‍ ജില്ലാ കേരളോത്സവം നവംബര്‍ പത്ത് മുതല്‍ 12 വരെ പിലാത്തറയിൽ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബര്‍ പത്ത് മുതല്‍ 12 വരെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറയില്‍ നടക്കും. സംഘാടക സമിതി രൂപീകരണയോഗം പിലാത്തറ ലാസ്യ കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാനായി ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ, വൈസ് ചെയര്‍മാന്‍ ആയി ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീധരന്‍, വര്‍ക്കിംഗ് ചെയര്‍മാനായി ജില്ലാപഞ്ചായത്തംഗം സി.പി. ഷിജു, ജനറല്‍ കണ്‍വീനറായി ജില്ലാപഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുള്‍ ലത്തീഫ് എന്നിവരെ തെരഞ്ഞെടുത്തു.
ഒമ്പത് സബ് കമ്മിറ്റികളെയും യോഗത്തില്‍ തെരഞ്ഞെടുത്തു. 66 മത്സരയിനങ്ങളിലായി 2500 ഓളം കലാകാരന്മാര്‍ കേരളോത്സവത്തിന്റെ ഭാഗമാകും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ഷാജിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. പ്രമീള, ജില്ലാപഞ്ചായത്തംഗങ്ങളായ സി.പി. ഷിജു, ടി. തമ്പാൻ, എസ്.കെ. ആബിദ, ചെറുതാഴം പഞ്ചായത്ത് പ്രസിഡൻ്റ് എം. ശ്രീധരന്‍, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് എ. പ്രാര്‍ഥന, ജില്ലാപഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുള്‍ ലത്തീഫ്, ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ സരിന്‍ ശശി, അവളിടം കോ-ഓഡിനേറ്റര്‍ പി.പി. അനിഷ, തദ്ദേശസ്ഥാപന പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.