പേരാവൂർ താലൂക്കാസ്പത്രി ബഹുനില കെട്ടിടത്തിന് ശിലയിട്ടിട്ട് വർഷങ്ങൾ

Share our post

പേരാവൂർ : 2021 ഫിബ്രവരിയിൽ ശിലാസ്ഥാപനം നടത്തിയ ശേഷം പ്രവൃത്തി മുടങ്ങിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടനിർമാണം ആരോഗ്യമന്ത്രിയുടെ വരവോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ബഹുനില കെട്ടിടം നിർമിക്കാൻ ആസ്പത്രിയുടെ നിലവിലുണ്ടായിരുന്ന മൂന്നോളം കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതോടെ ദുരിതത്തിലാണ് ആദിവാസികളടക്കം പേരാവൂർ ബ്ലോക്കിലെയും ആറളം പുനരധിവാസ കേന്ദ്രത്തിലെയും ആയിരക്കണക്കിന് നിർധന രോഗികൾ. 50 കിലോമീറ്റർ ദൂരെയുള്ള ജില്ലാ ആസ്പത്രിയാണ് മലയോര ജനതയുടെ ഇപ്പോഴത്തെ ഏകാശ്രയം.

മുൻ മന്ത്രി കെ.കെ. ശൈലജ ശിലാസ്ഥാപനം നടത്തിയ ശേഷം ഒ.പി ബ്ലോക്കും ഐ.പി ബ്ലോക്കും പൂർണമായി ഇടിച്ചു നിരത്തിയെങ്കിലും കെട്ടിടനിർമാണം തുടങ്ങാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ആസ്പത്രിയുടെ ഭരണനിർവഹകരായ പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി എച്ച്.എം.സി.യും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ തുടരുകയാണെന്ന് ആസ്പത്രി സംരക്ഷണ സമിതി ആരോപിക്കുന്നു.

ബഹുനിലകെട്ടിടത്തിന്റെ രൂപരേഖ പ്രാവർത്തികമാക്കുന്നതിനെതിരെ ചിലർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയപ്പോൾ സ്റ്റേ നീക്കം ചെയ്യാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിരുന്നില്ല. പൊതുപ്രവർത്തകനായ ബേബി കുര്യൻ കേസിൽ കക്ഷി ചേർന്ന് സ്റ്റേ നീക്കം ചെയ്യാനാവശ്യമായ രേഖകൾ ഹാജരാക്കിയ ശേഷമാണ് ഹൈക്കോടതി സ്റ്റേ നീക്കിയത്.

കെട്ടിട നിർമാണം വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന വേളയിൽ 2022 ജൂലായിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പേരാവൂരിൽ വരികയും 53 കോടിയുടെ നിർമാണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം നടന്നിട്ട് ഒരു വർഷവും മൂന്ന് മാസവുമായിട്ടും നിർമാണം പുനരാരംഭിക്കാൻ ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ 2020 ഒക്ടോബറിൽ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആസ്പത്രി അധികൃതർക്കും രേഖാമൂലം ഉത്തരവ് നല്കിയെങ്കിലും ഇതും നടപ്പിലായിട്ടില്ല. ആസ്പത്രിക്ക് ചുറ്റുമതിൽ ഇല്ലാത്തതിനാൽ സ്ഥലം കയ്യേറ്റം വ്യാപകമായിരുന്നു. കയേറ്റങ്ങൾ റവന്യൂ വകുപ്പ് 2022 ഫിബ്രവരിയിൽ തിരിച്ചുപിടിച്ച് നല്കിയെങ്കിലും ഏതാനും എച്ച്.എം.സി അംഗങ്ങളുടെ എതിർപ്പു മൂലം ചുറ്റുമതിൽ നിർമാണം മുടങ്ങിക്കിടക്കുകയാണ്.

ഇക്കാര്യങ്ങൾക്കെല്ലാം ആരോഗ്യമന്ത്രിയുടെ വരവോടെ പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മലയോരവാസികൾ. ആസ്പത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആസ്പത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്നത്. ആർദ്രം മിഷൻ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക, നിലവിൽ നൽകപ്പെടുന്ന സേവനങ്ങളും ജനങ്ങൾക്ക് അത് ലഭിക്കുന്നുണ്ടോ എന്നും വിലയിരുത്തുക, നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് മന്ത്രി പേരാവൂർ താലൂക്കാസ്പത്രി സന്ദർശിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!