നിക്ഷേപ തട്ടിപ്പിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ മൂന്നാം പ്രതി; കേസെടുത്ത് പൊലീസ്

Share our post

തിരുവനന്തപുരം: അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെതിരേ കേസെടുത്തു. സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ബാങ്കിലെ നിക്ഷേപകനായ ശാന്തിവിള സ്വദേശിയായ മധുസൂദനൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. പത്ത് ലക്ഷം രൂപയാണ് മധുസൂദനൻ ബാങ്കിൽ നിക്ഷേപിച്ചത്. ശിവകുമാർ പറഞ്ഞത് അനുസരിച്ചാണ് ബാങ്കിൽ പണം നിക്ഷേപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. രാജൻ വി.എസ്. ശിവകുമാറിന്റെ ബിനാമിയാണെന്നാണ് പരാതിക്കാരടക്കം ആരോപിക്കുന്നത്.

കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകൾ ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ നിക്ഷേപം നടത്തിയവർക്കാണ് പണം നഷ്ടമായതെന്നാണ് ആരാപണം. 300ലേറെപ്പേർക്കായി 13 കോടിയോളം രൂപ ഇത്തരത്തിൽ നിക്ഷേപത്തുക കിട്ടാനുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.

നിക്ഷേപകർ നേരത്തെ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഡി.ജി.പി.ക്കും ഇതുസംബന്ധിച്ച പരാതികൾ നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നിതിനിടെയാണ് കരമന പോലീസും കേസെടുത്ത് അന്വേഷണം  ആരംഭിച്ചത്. ശിവകുമാറിന്റെ വീടിന് മുന്നിലും നിക്ഷേപകർ പ്രതിഷേധിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!