സുഹൃത്തുക്കൾക്ക് നോവായി നിധിന്റെ വേർപാട്

ന്യൂമാഹി : അതിർവരമ്പുകളില്ലാത്ത സൗഹൃദത്തിന്റെ ഉദാത്തമായ കൂട്ടായ്മയാണ് പുന്നോലിലെ ഈ ചെറുപ്പക്കാരുടേത്. ദുബായിൽ കറാമയിലെ ഫ്ലാറ്റിലെ താമസസ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച പുന്നോൽ കുറിച്ചിയിലെ നിട്ടൂർ വീട്ടിൽ നിധിൻ ദാസും (24) പൊള്ളലേറ്റ് ദുബായിലെ റാഷിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പുന്നോലിലെ ഷാനിലും (26) നഹീലും (26) ദീർഘകാലമായി അടുത്തസുഹൃത്തുക്കളായിരുന്നു.
നിധിൻ ദാസ് ദുബായിലെത്തിയിട്ട് ഒരുവർഷം കഴിഞ്ഞതേയുള്ളൂ. ജോലിക്കായുള്ള കാത്തിരിപ്പിനൊടുവിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ അഡ്മിനിസ്ടേറ്ററായി ജോലി ലഭിച്ച്. വിസ നടപടികൾ പൂർത്തിയാകുന്നതിനിടെയാണ് അപകടം.
ഗൾഫിൽ നല്ല ജോലി നിധിന്റെ സ്വപ്നമായിരുന്നു. ദീർഘകാലം ഒമാനിലായിരുന്ന എൻ.വി. സ്വാമിദാസന്റെയും സുജിതകുമാരിയുടെയും രണ്ടാമത്തെ മകനാണ് നിധിൻ.
നിധിനും ഷാനിലും നഹീലും ഒപ്പം മാഹിയിലെ ഫവാസും തൃശ്ശൂരിലെ റിഷാദും ഉൾപ്പെടെ അഞ്ചുപേരായിരുന്നു മുറിയിലെ താമസക്കാർ.
ഫ്ലാറ്റിനോട് ചേർന്ന് തമിഴ്നാട് സ്വദേശി നടത്തുന്ന മെസ്സിലെ പാചകവാതക സിലിൻഡറാണ് വാതക ചോർച്ചയുണ്ടായതിനെത്തുടർന്ന് പൊട്ടിത്തെറിച്ചത്. തൊട്ട് താഴെയുള്ള ശൗചാലയത്തിലേക്ക് കോൺക്രീറ്റ് സ്ലാബ് വീണതിനെ തുടർന്നാണ് അതിലുണ്ടായിരുന്ന മലപ്പുറം സ്വദേശി മരിച്ചത്.
ഷാനിലും നഹീലും ദുബായിൽ എത്തിയിട്ട് രണ്ടുവർഷത്തോളമായി. അടുത്തദിവസമാണ് ഇരുവരും അവധി കഴിഞ്ഞ് തിരികെ ദുബായിലെത്തിയത്. അപകടത്തെപ്പറ്റി ദുബായ് പോലീസ് അന്വേഷിക്കുന്നുണ്ട്.