കേരളത്തിലെ ആദ്യത്തെ എയിംസ് ബാലുശ്ശേരിയിൽത്തന്നെ -ആരോഗ്യമന്ത്രി

Share our post

ബാലുശ്ശേരി: കേരളത്തിന് അനുവദിക്കപ്പെടുന്ന ആദ്യത്തെ എയിംസ് ബാലുശ്ശേരി കിനാലൂർ എസ്റ്റേറ്റിൽ തന്നെയാവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിലെ താലൂക്ക് ആശുപത്രികളിലെ ആർദ്രം പദ്ധതികളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയ മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എയിംസ് വിഷയം ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയുമായും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ചർച്ചചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം എയിംസുമായി ബന്ധപ്പെട്ട ഫയൽ അംഗീകാരത്തിനായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിലേക്ക് അയച്ചതായുമാണ് വിവരമെന്ന് മന്ത്രി വ്യക്തമാക്കി.

ആശുപത്രിയിൽ കിഫ്‌ബി മുഖേന അനുവദിച്ച 23 കോടിയുടെ നിർമ്മാണപ്രവൃത്തികൾ മന്ത്രി വിലയിരുത്തി. പ്രവൃത്തികളുടെ വിശദീകരണവും ആശുപത്രിയുടെ ഭാവിവികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കെ.എം. സച്ചിൻദേവ് എം.എൽ.എ. വിശദീകരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ. അനിത, വൈസ് പ്രസിഡന്റ്‌ ടി.എം. ശശി, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, മണ്ഡലം വികസനസമിതി കൺവീനർ ഇസ്മായിൽ കുറുമ്പൊയിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. രാജേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളെ സന്ദർശിച്ച മന്ത്രി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ആരായുകയും നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!