വയറില്‍ കൊഴുപ്പടിയുന്നതാണോ പ്രശ്‌നം ; ഡയറ്റില്‍ ഇവയുള്‍പ്പെടുത്താം

ശരീരം ഭാരം കൂടുന്നതും വയറില്‍ കൊഴുപ്പടിയുന്നതും നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ശരിയല്ലാത്ത ഭക്ഷണക്രമവും ജീവിതശൈലിയുമൊക്കെയാണ് ഇതിനുള്ള കാരണങ്ങള്‍.
വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണക്രമത്തിലും കൃത്യമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അത്തരത്തില്‍ വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.
മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളാണ് ഒഴിവാക്കേണ്ടതിൽ പ്രധാനം. ഇതില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം തുടര്‍ന്നാല്‍ വയര്‍ കുറയ്ക്കാന്‍ കഴിയില്ല. കൊഴുപ്പ് ധാരാളമുള്ള റെഡ് മീറ്റ് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണവുമല്ല.
ചോളവും അതുകൊണ്ടുള്ള വിഭവങ്ങളും കഴിക്കുന്നതും നിര്‍ത്തണം. ഇതില്‍ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. പോപ്‌കോണ്‍ പോലെയുള്ള വിഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്.
എല്ലാവരുടെ പ്രിയപ്പെട്ട ഭക്ഷണത്തിലുള്‍പ്പെട്ട ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാല്‍ ഫ്രഞ്ച് ഫ്രൈസിലും പൊട്ടറ്റോ ചിപ്‌സിലുമെല്ലാം കൊഴുപ്പ് കലോറിയും വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും. അതോടൊപ്പം ശരീരഭാരം കൂടാനും കാരണമാകും. അതിനാല്‍ ഇവ ഒഴിവാക്കുന്നത് ഗുണം ചെയ്യും.
മധുരം ചേര്‍ന്ന പലഹാരങ്ങള്‍, മിഠായികള്‍ ഡയറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. മിഠായികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതിനും കാരണമാകും. അതിനാല്‍ മധുരത്തിന്റെ ഉപയോഗം മിതപ്പെടുത്തുക.
കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കണം. പഞ്ചസാരയും സോഡയും അമിതമായുള്ള ഇത്തരം പാനീയങ്ങള്‍ ശരീരത്തിലെ കലോറി വര്‍ധിപ്പിക്കും.
ജങ്ക് ഫുഡ് കഴിക്കുന്ന ശീലവും അവസാനിപ്പിക്കണം. ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇത് ഇടവരുത്തും. വളരെയധികം കലോറി അടങ്ങിയ ജങ്ക് ഫുഡ് കഴിക്കുന്നത് വയര്‍ കുറയ്ക്കല്‍ പ്രക്രിയയെ തടസപ്പെടുത്തും.
വൈറ്റ് ബ്രെഡ് കഴിക്കുന്നത് നിര്‍ത്തണം. കാരണം കാര്‍ബോഹൈഡ്രേറ്റ്‌സ് ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ അധികമായി കഴിക്കുന്നത് അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നതിന് ഇടവരുത്തും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)