സംസ്ഥാനത്ത് ഹെലി ടൂറിസം പരിഗണനയില്‍; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് സര്‍വീസ്

Share our post

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നവംബര്‍ 16-ന് തലസ്ഥാനത്ത് നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ട്.

വയനാട് ഉള്‍പ്പെടെയുള്ള മലയോരമേഖലകളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാന്‍ ഹെലി ടൂറിസത്തിന് കഴിയും. 50 സെന്റ് സ്ഥലമുണ്ടെങ്കില്‍ ഹെലിപാഡ് ഒരുക്കാനാകും. വിനോദസഞ്ചാര മേഖലയിലെ പുതിയ സാധ്യതകള്‍ നിക്ഷേപകരെ പരിചയപ്പെടുത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം.

നിക്ഷേപസാധ്യതയുള്ള മേഖലകളുടെ വിവരം ഇതില്‍ അവതരിപ്പിക്കും. 350 വന്‍കിട നിക്ഷേപകരെ മേളയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 20,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

15,000 കോടി രൂപയുടെ വാര്‍ഷിക വരുമാനം വിനോദസഞ്ചാര മേഖലയില്‍ നിന്നും സംസ്ഥാനം ലക്ഷ്യമിടുന്നു. വിനോദസഞ്ചാര മേഖലയിലെ നൂതന ആശയങ്ങളും പദ്ധതികളും അവയില്‍ സംസ്ഥാനത്തിന്റെ സാധ്യതകളും മേളയില്‍ അവതരിപ്പിക്കും.

സംഗമത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗമത്തിന്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ടൂറിസം സെക്രട്ടറി പി.ബിജു, ഡയറക്ടര്‍ പി.ബി.നൂഹ് എന്നിവരും സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!