മടിയന്മാര്‍ക്കായി വെറുതെ കിടക്കല്‍ മത്സരം; സമ്മാനം 90,000 രൂപ

ഫെസ്റ്റിവൽ ഓഫ് ലേസ്സിനെസ്സ്’, അഥവാ മടിയുടെ ഉത്സവത്തെപ്പറ്റി കേട്ടിട്ടുണ്ടോ? യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോയിൽ 2001 മുതൽ നടന്നുവരുന്ന ഒരു മത്സരമാണിത്. ഏറ്റവും മടിയനായ ആളെ കണ്ടുപിടിക്കുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. മത്സരത്തിൽ പങ്കെടുക്കുന്നവർ ദിവസങ്ങളോളം കട്ടിലിൽ ചെലവഴിക്കണം. കിടക്കയിൽ എഴുന്നേറ്റിരിക്കാനോ നിൽക്കാനോ പാടില്ല. അങ്ങനെ ചെയ്താൽ ഉടനടി മത്സരത്തിൽ നിന്ന് പുറത്താകും. വിജയിക്ക് ആയിരം യൂറോ (ഏതാണ്ട് 90,000 രൂപ)യുടെ ക്യാഷ് പ്രൈസാണ് സമ്മാനമായി ലഭിക്കുക.
മോണ്ടിനെഗ്രോയിലെ ബൻസ് എന്ന ഗ്രാമത്തിലാണ് മടിയുടെ ഉത്സവം അരങ്ങേറുക. മത്സരാർഥികൾ അവർക്ക് നൽകിയിട്ടുള്ള കിടക്കയിൽ കിടക്കണം എന്നുള്ളതാണ് മത്സരത്തിന്റെ പ്രധാന നിബന്ധന. ചുരുക്കം കാര്യങ്ങൾ മാത്രമേ ഇവർക്ക് ചെയ്യാനുള്ള അനുമതിയുള്ളു. ഇവർക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെ പുസ്തകങ്ങൾ വായിക്കുകയും മൊബൈൽ ഉപയോഗിക്കുകയുമെല്ലാം ചെയ്യാം. എല്ലാ എട്ടുമണിക്കൂറിനിടയിലും അരമണിക്കൂർ ഇടവേളയും അനുവദിക്കും. ഇവരുടെ ആരോഗ്യ കാര്യങ്ങൾ വിലയിരുത്താനായി ഒരു മെഡിക്കൽ സംഘവും ഇവിടെയുണ്ടാവും.
മൂന്ന് നേരം ഭക്ഷണവും സംഘാടകർ നൽകും. കിടക്കയിൽ നിന്ന് എഴുന്നേൽക്കാനോ നിലത്തിറങ്ങാനോ ശ്രമിച്ചാൽ മത്സരത്തിൽ നിന്ന് പുറത്താകും. അവസാനം വരെ പിടിച്ച നിൽക്കുന്നയാളാണ് വിജയിയാവുക. പ്രദേശത്ത് കുറേക്കാലമായി തുടരുന്ന ഈ മത്സരം ജീവിതത്തോടുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകളെ തിരുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആദ്യമായി സംഘടിപ്പിച്ചത്. തിരക്കുപിടിച്ച ജീവിതത്തിൽ വിശ്രമത്തിലും സ്വയം ആനന്ദത്തിനുമുള്ള സമയം മാറ്റിവെക്കണമെന്ന സന്ദേശവും ഇതിലൂടെ ഉയർത്തിപ്പിടിക്കുന്നു. വെറുതെയിരിക്കുന്നതിന്റെ ആനന്ദം തിരിച്ചറിയുക എന്നതാണ് ഉത്സവത്തിന്റെ ലക്ഷ്യം.
ലേസ്സി ഒളിമ്പിക്സ് എന്ന പേരിലും അറിയപ്പെടുന്ന ഈ മത്സരത്തിൽ മോണ്ടിനെഗ്രോ പൗരന്മാരാണ് പങ്കെടുക്കുക. ചില വർഷങ്ങളിൽ അയൽ രാജ്യങ്ങളായ റഷ്യയിൽ നിന്നും സൈബീരിയയിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കാറുണ്ട്.