ചാലക്കുന്നിലൂടെയുള്ള ആറുവരിപ്പാത; റെയിൽവേ മേൽപ്പാലത്തിലേക്ക് യാത്രക്കാർക്ക് വഴി വേണ്ടേ

Share our post

ചാല : ദേശീയപാത 66-ന്റെ നിർമാണം ചാലക്കുന്നിൽ തുടങ്ങിയതോടെ ചാലക്കുന്നിനേയും തോട്ടടയേയും ബന്ധിപ്പിക്കുന്ന നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന്റെ പ്രാധാന്യം ഇല്ലാതാകുമോയെന്ന് ആശങ്ക. മൂന്നാഴ്ചകൾക്ക് മുൻപാണ് ആറുവരിപ്പാതയ്ക്കായി റെയിൽവേ ചാലക്കുന്നിലെ സ്ഥലം അനുവദിച്ചത്. നിലവിലുള്ള റോഡിൽനിന്ന് മുന്നുമീറ്റർ താഴ്ത്തിയാണ് പുതിയ റോഡ് നിർമിക്കുന്നത്.

ആറുവരിപ്പാതയിൽ ചാലയിലും കിഴുത്തള്ളിയിലും അടിപ്പാതയുണ്ട്. ഈ സ്ഥലങ്ങളിലേക്ക് ചാലക്കുന്നിൽനിന്ന് 400-ഓളം മീറ്റർ ദൂരമുണ്ട്. മാത്രമല്ല, ഈ സ്ഥലങ്ങളിൽനിന്ന് തോട്ടടയിലേക്ക് റോഡുകളുമുണ്ട്. ഫലത്തിൽ ചാലക്കുന്നിലെ പുതിയ മേൽപ്പാലം ആരും ഉപയോഗിക്കാതാകും.

ഫ്ളൈഓവർ നിർബന്ധം :ചാലക്കുന്നിൽ നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ദേശീയപാതയുടെ വലതുവശത്തെ സർവീസ് റോഡ് ഇടതുവശത്തെ റോഡുമായി ഫ്ളൈഓവർ മുഖേന ബന്ധിപ്പിക്കണം. എന്നാൽമാത്രമേ കണ്ണൂർഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്കും വിദ്യാർഥികൾക്കും തോട്ടട പോളിടെക്‌നിക്, ജെ.ടി.എസ്., ഗവ. ഐ.ടി.ഐ. എന്നിവിടങ്ങളിലേക്കും ചാലക്കുന്ന് ചിന്മയ വിദ്യാലയം, ചാലക്കുന്നിലേയും തോട്ടടയിലേയും സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക്‌ പോകേണ്ട വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഉപയോഗിക്കാനാകൂ.

ഇവിടെ െെഫ്ളഓവർ നിർമിക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അപേക്ഷ നൽകി. കൂടാതെ, ദേശീയപാത റീജണൽ ഓഫീസർ മീണയുമായി തിരുവനന്തപുരത്ത്‌ ചർച്ചയും നടത്തി ഫ്ലൈഓവറിന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

മേൽപ്പാലത്തിന് ഏഴുകോടിയലധികം നൽകി :ചാലക്കുന്ന് മേൽപ്പാലത്തിന് സംസ്ഥാന സർക്കാർ ഏഴുകോടിയിലധികം രൂപ റെയിൽവേയ്ക്ക് നൽകി. എന്നാൽ, അധിക തുക അനുവദിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് ഒരു കോടിയോളം രൂപയ്ക്കുള്ള ഭരണാനുമതിക്കായി കാത്തുനിൽക്കുകയാണ്.

കർമസമിതി രൂപവത്കരിക്കും :ദേശീയപാതയുടെ ഇരുവശങ്ങളെയും ബന്ധിപ്പിച്ച് ഫ്ലൈഓവർ നിർമിക്കണമെന്ന ആവശ്യം ചാലക്കുന്നിൽ ശക്തമായി. ഇതുമായി ബന്ധപ്പെട്ട് ചാലക്കുന്നിൽ നാട്ടുകാർ യോഗം ചേർന്നു. കർമസമിതി രൂപവത്കരിക്കും. മേയർ ടി.ഒ.മോഹനൻ, മുൻ കൗൺസിലർ പി.കെ.പ്രീത, ശശിധരൻ ചാലക്കുന്ന്, കല്ലട സുരേശൻ, സുനിൽ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!